ഇത് വെറും ഷോയാണ് വായ അടപ്പിച്ച് രവീന്ദ്ര ജഡേജ ; കെകെആറിന് ജഡേജയുടെ കിടിലൻ മറുപടി

മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണിക്ക് നേരെ പരിഹാസ രൂപത്തിൽ ഒളിയമ്പ് പായിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (കെകെആർ), തക്കതായ രീതിയിലുള്ള മറുപടിയുമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ രംഗത്തെത്തി. ഇന്നലെ (ജനുവരി 9) അവസാനിച്ച ഓസ്ട്രേലിയ ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ നാലാം മത്സരം, അവസാന ബോൾ വരെ ക്രിക്കറ്റ്‌ ആരാധകരെ ത്രിൽ അടിപ്പിച്ച് സമനിലയിൽ അവസാനിച്ചപ്പോൾ, ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിനോടുള്ള തങ്ങളുടെ ഇഷ്ടവും താൽപ്പര്യവും പ്രകടിപ്പിക്കാൻ ആരാധകർ ട്വിറ്ററിൽ എത്തിയിരുന്നു.

സിഡ്നി ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ സമാപിച്ച മത്സരത്തിന്റെ 5-ാം ദിനം, ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 102 ഓവറുകൾ അതിജീവിച്ചാണ് ഇംഗ്ലണ്ട് ആവേശകരമായ സമനില നേടിയെടുത്തത്. കളിയുടെ അവസാന ഓവറുകളിൽ, ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്‌സണും തങ്ങളുടെ ടീമിന്റെ ശേഷിക്കുന്ന ഏക വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ഓസ്ട്രേലിയൻ ബൗളർമാരെ ഡിഫെൻഡ് ചെയ്ത് കളിക്കുമ്പോൾ, ആ ഒരു വിക്കറ്റ് കൂടെ വീഴ്ത്തി വിജയം സ്വന്തമാക്കാൻ ഓസ്‌ട്രേലിയ അവരുടെ എല്ലാ ഫീൽഡർമാരെയും ബാറ്ററിന് ചുറ്റും നിർത്തിയപ്പോൾ, അത് ടെസ്റ്റ്‌ ക്രിക്കറ്റിലെ മനോഹര കാഴ്ച്ചയിൽ ഒന്നായി മാറുകയും ചെയ്തു. ഈ ചിത്രം ആരാധകർ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.

എന്നാൽ, ഈ ചിത്രം ട്വീറ്റ് ചെയ്ത് കൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ എം എസ് ധോണിയെ പരിഹസിച്ചതാണ് രവീന്ദ്ര ജഡേജയെ പ്രകോപിതനാക്കിയത്. ഗൗതം ഗംഭീർ കെകെആറിന്റെ ക്യാപ്റ്റൻ ആയിരുന്നപ്പോൾ, റൈസിംഗ് പൂനെ സൂപ്പർജയന്റ്‌സിന് വേണ്ടി ബാറ്റ് ചെയ്യുന്ന ധോണിക്ക്‌ നേരെ, ഓസ്ട്രേലിയ ആഷസിൽ ഒരുക്കിയ സമാന രീതിയിലുള്ള ഫീൽഡിങ് ഒരുക്കിയ ഒരു ചിത്രമാണ് കെകെആർ പോസ്റ്റ്‌ ചെയ്തത്. “ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ക്ലാസിക് നീക്കം, യഥാർത്ഥത്തിൽ നിങ്ങളെ ഒരു ടി20 മാസ്റ്റർ സ്ട്രോക്കിനെ ഓർമ്മിപ്പിക്കുന്ന ആ നിമിഷം!” എന്ന തലക്കെട്ടോടെയാണ് കെകെആർ ചിത്രം പങ്കുവെച്ചത്.

എന്നാൽ, “ഇതൊരു മാസ്റ്റർ സ്ട്രോക്ക് അല്ല! വെറുമൊരു ഷോ ഓഫ് ആണ്,” എന്നാണ് കെകെആർ പങ്കുവെച്ച ട്വീറ്റിന് ജഡേജ മറുപടി നൽകിയിരിക്കുന്നത്. കെകെആർ ട്വീറ്റിന് റിപ്ലൈ ട്വീറ്റ് ആയിയാണ് ജഡേജ മറുപടി നൽകിയിരിക്കുന്നത്. കെകെആർ ഈ പോസ്റ്റ്‌ പങ്കുവെച്ചത് മുതൽ ധോണി ആരാധകരും ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരും, കെകെആർ ട്വീറ്റിന്റെ കമന്റ്‌ ബോക്സിൽ ശക്തമായ രീതിയിൽ പ്രതികരിക്കുന്നുണ്ട്.