ഏഴ് വിക്കെറ്റ്… ആകെ 10 വിക്കെറ്റ്!! ഓസ്ട്രേലിയയെ തരിപ്പണമാക്കിയ ജഡേജ മാജിക്ക്
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാമത്തെ ഇനിങ്സിൽ ഓസീസിന്റെ കൊമ്പൊടിച്ച് രവീന്ദ്ര ജഡേജ. ഇന്നിങ്സിൽ ഏഴ് വിക്കറ്റുകൾ സ്വന്തമാക്കിയ ജഡേജ ഇന്ത്യയ്ക്ക് മത്സരത്തിൽ വലിയൊരു തിരിച്ചുവരവ് തന്നെയാണ് സമ്മാനിച്ചത്. ഈ പ്രകടനത്തോടെ ഓസീസിനെ രണ്ടാം ഇന്നിങ്സിൽ കേവലം 113 റൺസിന് ഓൾ ഔട്ട് ആക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിന്റെ രണ്ടാം ദിനം തന്റെ ലൈനും ലെങ്തും കണ്ടെത്താൻ ബുദ്ധിമുട്ടിയ ജഡേജയുടെ ഒരു വമ്പൻ ആധിപത്യമാണ് മൂന്നാം ദിവസം കാണാൻ സാധിച്ചത്. മൂന്നാം ദിവസത്തെ ആദ്യ മണിക്കൂറിൽ തന്നെ ഓസീസിന്റെ വമ്പന്മാരെ ജഡേജ കൂടാരം കയറ്റി. ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ ഭീഷണിയായ ലബുഷാനേ(35), ഹാൻസ്കൊമ്പ്(0), അലക്സ് കെയറി(7), കമ്മിൻസ്(0) എന്നിവരെ ജഡേജ മൂന്നാം ദിവസത്തിന് തുടക്കത്തിൽ തന്നെ പുറത്താക്കുകയുണ്ടായി.

പിച്ചിന്റെ സാഹചര്യം അനുസരിച്ച് മത്സരത്തിൽ ജഡേജ കൃത്യമായി സംഹാരം നടത്തുകയായിരുന്നു.ശേഷം ഓസീസിന്റെ അവസാന ബാറ്റർമാരായ ലയണിനെയും കുനേമാനെയും കൂടാരം കയറ്റി ജഡേജ ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 12 ഓവറുകളാണ് ജഡേജ എറിഞ്ഞത്. ഇതിൽ നിന്ന് വെറും 42 റൺസ് മാത്രം വിട്ടുനൽകി 7 വിക്കറ്റുകളും ജഡേജ വീഴ്ത്തുകയുണ്ടായി.
ഇതോടെ മത്സരത്തിൽ പത്ത് വിക്കറ്റുകൾ ജഡേജ പൂർത്തീകരിച്ചിട്ടുണ്ട്.എന്തായാലും ജഡേജയുടെ നേതൃത്വത്തിൽ ഒരു വമ്പൻ പ്രകടനം തന്നെയാണ് ഇന്ത്യ ഡെൽഹി ടെസ്റ്റിന്റെ മൂന്നാം ദിവസം നടത്തിയിരിക്കുന്നത്