ഷാരൂഖ് ഖാനെ അനുകരിച്ച് ശ്രേയസ് അയ്യർ ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2022 സീസണിലെ 8-ാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരെ ഗംഭീര തുടക്കമിട്ട പഞ്ചാബ് കിംഗ്സിന് ഒടുക്കം പിഴച്ചു. നേരത്തെ മത്സരത്തിൽ ടോസ് ലഭിച്ച ശ്രേയസ് അയ്യർ ബൗളിംഗ് തിരഞ്ഞെടുത്തതിനെ തുടർന്ന്, ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് കിംഗ്സിന് ക്യാപ്റ്റൻ മായങ്ക് അഗർവാൾ (1) തുടക്കത്തിൽ തന്നെ നഷ്ടമായി.

എന്നിരുന്നാലും, രജപക്ഷ 9 പന്തിൽ 31 റൺസെടുത്ത് പഞ്ചാബിന്റെ ടോട്ടൽ അതിവേഗം ഉയർത്തി. ശിഖർ ധവാൻ (16), ലിയാം ലിവിങ്സ്റ്റൺ (19) എന്നിവരും ടീം ടോട്ടലിൽ ചെറിയ സംഭാവനകൾ ചെയ്തെങ്കിലും, തുടർന്നുള്ള ബാറ്റ്സ്മാൻമാർക്കാർക്കും തന്നെ അധികനേരം ക്രീസിൽ പിടിച്ചു നിൽക്കാനാകാതെ വന്നതോടെ പഞ്ചാബ് ബാറ്റിംഗ് താളം തെറ്റി.പഞ്ചാബ് കിംഗ്സ് 78/4 എന്ന നിലയിൽ നിൽക്കുമ്പോഴാണ്, ടീമിനെ മികച്ച ടോട്ടലിൽ എത്തിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത്, ഐപിഎൽ താരലേലത്തിലെ പഞ്ചാബിന്റെ ഏറ്റവും മൂല്യമേറിയ താരമായ തമിഴ്നാട് ബാറ്റർ ഷാരൂഖ് ഖാൻ ആറാമനായി ക്രീസിൽ എത്തുന്നത്.

എന്നാൽ, പഞ്ചാബ് ആരാധകരുടെ എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ട്, 13-ാം ഓവറിൽ ടിം സൗത്തിയുടെ പന്തിൽ ഷാരൂഖ് ഖാൻ ഡക്കിന് പുറത്തായത്.സൗത്തിയുടെ ഷോർട്ട് ബോൾ പുൾ ഷോട്ടിന് ശ്രമിച്ച ഷാരൂഖ് ഖാന് പിഴക്കുകയായിരുന്നു.

ടൈമിംഗ് പിഴച്ചതോടെ പന്ത് നിതിഷ് രാണയുടെ കൈകളിൽ അകപ്പെട്ടു. ഇതിന് പിന്നാലെ കെകെആർ നായകൻ ശ്രേയസ് ആയ്യർ, കെകെആർ ഓണറും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന്റെ ഫേമസ് പോസ് ഇട്ടാണ് വിക്കറ്റ് സെലിബ്രേഷൻ നടത്തിയത്. ഇതിന്റെ വിഡിയോ നിമിഷം നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.