ഹാർഥിക്ക് മുന്നിൽ നാണംകെട്ട് മുംബൈ ഇന്ത്യൻസ്…. ഫൈനലിൽ ചെന്നൈക്ക് എതിരാളികൾ ഗുജറാത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ക്വാളിഫയറിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 62 റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഇതോടെ മുംബൈ ഇന്ത്യൻസ് 2023 ഐപിഎല്ലിൽ നിന്ന് പുറത്തായിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഗുജറാത്ത് ടൈറ്റൻസ് നേരിടും. ക്വാളിഫയർ മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയായിരുന്നു ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ഗുജറാത്ത് ഐപിഎല്ലിന്റെ ഫൈനൽ കാണുന്നത്. കഴിഞ്ഞവർഷം ചാമ്പ്യന്മാരായ ഗുജറാത്തിന് കിരീടം നിലനിർത്താനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ശുഭമാൻ ഗില്ലിന്റെ ഒരു താണ്ഡവം തന്നെയായിരുന്നു കാണാൻ സാധിച്ചത്. മത്സരത്തിലെ ആദ്യ ബോൾ മുതൽ ഗിൽ മുംബൈ ബോളർമാരെ അടിച്ചൊതുക്കി. മത്സരത്തിൽ 49 പന്തുകളിൽ നിന്ന് ഒരു തകർപ്പൻ സെഞ്ചുറിയാണ് ഗിൽ സ്വന്തമാക്കിയത്. സെഞ്ചുറിക്ക് ശേഷവും ഗിൽ അടിച്ചു തകർക്കുകയുണ്ടായി. മത്സരത്തിൽ 60 പന്തുകളിൽ നിന്ന് 129 റൺസ് ആയിരുന്നു ഗിൽ നേടിയത്. 7 ബൗണ്ടറികളും 10 സിക്സറുകളും ഗില്ലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇതോടൊപ്പം അവസാന ഓവറുകളിൽ നായകൻ ഹർദിക് പാണ്ഡ്യയും അടിച്ചുതകർത്തതോടെ ഗുജറാത്ത് ഒരു വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. പാണ്ഡ്യ 13 പന്തുകളിൽ 28 റൺസാണ് മത്സരത്തിൽ നേടിയത്. ഗുജറാത്ത് തങ്ങളുടെ ഇന്നിങ്സിൽ 233 റൺസ് കൂട്ടിച്ചേർത്തു.

വമ്പൻ വിജയലക്ഷ്യം മുൻപിൽ കണ്ടിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. നായകൻ രോഹിത് ശർമയും(8) നേഹൽ വധീരയും(4) ചെറിയ സ്കോറിൽ കൂടാരം കയറുകയുണ്ടായി. എന്നാൽ അതിനുശേഷം തിലക് വർമ്മയുടെ ഒരു സംഹാരം തന്നെ കാണാൻ സാധിച്ചു. മത്സരത്തിൽ 14 പന്തുകളിൽ 43 റൺസായിരുന്നു തിലക് വർമ്മ നേടിയത്. ഇന്നിംഗ്സിൽ അഞ്ചു ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ പവർപ്ലെയിലെ അവസാന പന്തിൽ തിലക് വർമ്മയെ കൂടാരം കയറ്റാൻ റാഷിദ് ഖാന് സാധിച്ചു.

പിന്നീട് സൂര്യകുമാർ യാദവും കാമറൂൺ ഗ്രീനുമായിരുന്നു മുംബൈക്ക് പ്രതീക്ഷകൾ നൽകിയത്. ഇരുവരും മധ്യ ഓവറുകളിൽ അടിച്ചുതകർത്തത് മുംബൈയുടെ ഫൈനൽ സാധ്യതകൾ വർദ്ധിപ്പിച്ചു. സൂര്യകുമാർ യാദവ് മത്സരത്തിൽ 38 പന്തുകളിൽ 61 റൺസാണ് നേടിയത്. ഇന്നിങ്സിൽ 7 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. ഗ്രീൻ 20 പന്തുകളിൽ 30 റൺസ് നേടി. എന്നാൽ നിർണായകമായ സമയത്ത് ഇരു ബാറ്റർമാരും കൂടാരം കയറിയതോടെ മുംബൈ തകർന്നടിയുന്നതാണ് കണ്ടത്. ഗുജറാത്തിനെയും മോഹിത് ശർമ അഞ്ച് വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കി. മത്സരത്തിൽ 62 റൺസിനായിരുന്നു മുംബൈയുടെ പരാജയം. ഈ പരാജയത്തോടെ മുംബൈ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട്.

Rate this post