പ്ലയെറും ബൌളിംഗ് മെന്റർ ഞാൻ തന്നെ!!ഇശാന്ത്‌ ശർമ്മക്ക് സ്പെഷ്യൽ റോൾ

സയ്യിദ് മുസ്താഖ് അലി ടി20 ടൂർണമെന്റിന് ഒരുങ്ങുന്ന ഇന്ത്യൻ വെറ്റെറൻ പേസർ ഇഷാന്ത് ശർമ്മ, ഡൽഹി ടീമിൽ ബൗളിംഗ് ഉപദേഷ്ടാവ് എന്ന അധിക ഉത്തരവാദിത്വം കൂടി നിർവഹിക്കുന്നുണ്ട്. ഇഷാന്ത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം പൂർണ്ണഹൃദയത്തോടെ നിറവേറ്റാൻ പ്രതിജ്ഞാബദ്ധമായി തയ്യാറാണെന്ന് ഡൽഹി ടീമിന്റെ പുതിയ മുഖ്യപരിശീലകൻ അഭയ് ശർമ്മ പറഞ്ഞു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ, ഡൽഹി ടീമിന്റെ മാനേജ്മെന്റിൽ വരുത്തിയ അഴിച്ചുപണിയുടെ ഭാഗമായി ആണ് ഇഷാന്ത് ശർമ്മക്ക് പുതിയ ഉത്തരവാദിത്വം കൂടി നൽകിയിരിക്കുന്നത്.

ഇന്ന് (ചൊവ്വാഴ്ച) ജയ്പൂരിൽ മണിപ്പൂരിനെതിരെയാണ് ഡൽഹി ടീമിന്റെ ആദ്യ മത്സരം. 105 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുള്ള 34-കാരനായ ഇഷാന്ത് ശർമ്മ, ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരവിനുള്ള അവസാന ശ്രമമായി ആണ് ഈ ടൂർണമെന്റിനെ കാണുന്നത്. അതേസമയം, ഡൽഹി ടീം മുഖ്യ പരിശീലകനെ മാറ്റിയത് കൂടാതെ, ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരമായ നിതിഷ് റാണയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിപകരം പ്രദീപ്‌ സാഗ്വാനെ ക്യാപ്റ്റനായി തീരുമാനിച്ചിട്ടുണ്ട്.

മുന്നിലുള്ള വെല്ലുവിളികളെ കുറിച്ച് താൻ ബോധവാനാണെന്ന് ഡൽഹി ടീമിന്റെ മുഖ്യ പരിശീലകൻ അഭയ് ശർമ്മ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. “തയ്യാറെടുപ്പ് സമയം കുറവായിരുന്നു, പക്ഷേ ഞങ്ങൾ വളരെ നല്ല അന്തരീക്ഷം സൃഷ്ടിച്ചു. ഞങ്ങൾക്ക് കഴിഞ്ഞദിവസം ഒരു ടീം ബോണ്ടിംഗ് സെഷൻ ഉണ്ടായിരുന്നു. മുതിർന്ന കളിക്കാർ ഉൾപ്പെടെ എല്ലാവരും പങ്കെടുത്തു. പ്രൊഫഷണലുകൾ എന്ന നിലയിൽ അവർക്ക് അവരുടെ കളിയും ശരീരവും മറ്റാരെക്കാളും നന്നായി അറിയാം,” അഭയ് ശർമ്മ പറയുന്നു.

ഇഷാന്ത് ശർമ്മ, നിതീഷ് റാണ, നവ്ദീപ് സയ്നി എന്നിവരെല്ലാം സയ്യിദ് മുസ്താഖ് അലി ടി20 ടൂർണമെന്റിൽ ഡൽഹി ടീമിന്റെ ഭാഗമാണ്. “ഞങ്ങൾ ഇഷാന്തിന് ഒരു പ്രത്യേക റോൾ നൽകി. അവൻ എല്ലാ ബൗളർമാരെയും ശരിക്കും സഹായിക്കുന്നു. കപിൽ ദേവിന് ശേഷം 100 ടെസ്റ്റുകൾ കളിക്കുന്ന ഏക ഇന്ത്യൻ പേസർ ആയ അവന്, മറ്റാരെക്കാളും നന്നായി സാഹചര്യങ്ങൾ മനസ്സിലാക്കാനും ഏതു ലെങ്ത് ബോൾ ചെയ്യണമെന്ന് മനസ്സിലാക്കാനും കഴിയും,” പരിശീലകൻ പറഞ്ഞു.