ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഉണ്ടാകില്ല!!!! രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനം ഇഷാൻ കിഷന് | Ishan Kishan Fifty

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് മികച്ച ടോട്ടൽ. വിശാഖപട്ടണത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ, ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. പരമ്പരയിൽ മികച്ച ഫോമിലുള്ള ഓപ്പണർ ഇഷാൻ കിഷൻ പതിവുതെറ്റിക്കാതെ ഗംഭീര ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോൾ, ഓപ്പണർ ഋതുരാജ് ഗെയ്ക്വാദും ഫോമിലേക്ക് തിരിച്ചെത്തി. 97 റൺസ് കൂട്ടിച്ചേർത്താണ് ഇന്ത്യയുടെ ഓപ്പണിങ് വിക്കറ്റ് നഷ്ടമായത്.

35 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ ഗെയ്ക്വാദ് 57 റൺസ് നേടിയപ്പോൾ, 35 പന്തിൽ 5 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയോടെ 54 റൺസാണ് ഇഷാൻ കിഷൻ നേടിയത്. ഗെയ്ക്വാദിനെ സ്പിന്നർ കേശവ് മഹാരാജ് മടക്കിയപ്പോൾ, ഫാസ്റ്റ് ബൗളർ ഡ്വയ്ൻ പ്രിട്ടോറിയസ് ആണ് ഇഷാൻ കിഷന്റെ വിക്കറ്റ് വീഴ്ത്തിയത്.

പരമ്പരയിൽ ഇഷാൻ കിഷൻ നേടുന്ന രണ്ടാമത്തെ അർധ സെഞ്ച്വറിയാണിത്. ആദ്യ മത്സരത്തിൽ 76 റൺസ് നേടിയ കിഷൻ, രണ്ടാം മത്സരത്തിൽ 34 റൺസ് നേടിയിരുന്നു. ഇതോടെ, ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് റിഷഭ് പന്തിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. കെഎൽ രാഹുൽ മധ്യനിരയിലേക്ക് ഇറങ്ങി കളിച്ചാൽ രോഹിത്തിനൊപ്പം ഇഷാൻ കിഷൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനും സാധ്യതയുണ്ട്.

മത്സരത്തിലേക്ക് വന്നാൽ, ഓപ്പണർമാർക്ക് പുറമെ ഹാർദിക് പാണ്ഡ്യ അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ ഇന്ത്യ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. 21 പന്തിൽ 4 ഫോർ ഉൾപ്പടെ 31 റൺസാണ് ഹാർദിക് നേടിയത്. ദക്ഷിണാഫ്രിക്കക്കായി ഡ്വയ്ൻ പ്രിട്ടോറിയസ് രണ്ട് വിക്കറ്റ് വീഴ്ത്തി.