സ്ട്രൈക്ക് എന്തിന് റോട്ടേറ്റ് ചെയ്യണം എനിക്ക് സിക്സ് അടിക്കാൻ അറിയാല്ലോ!! വിമർശനത്തിന് മറുപടിയുമായി ഇഷാൻ കിഷൻ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. മത്സരത്തിൽ, മൂന്നാമനായി ക്രീസിൽ എത്തിയ ഇഷാൻ കിഷൻ, 84 പന്തിൽ 4 സിക്സും 7 ഫോറും സഹിതം 110.71 സ്ട്രൈക്ക് റേറ്റിൽ 93 റൺസ് നേടി. മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച ബാറ്ററും ഇഷാൻ കിഷൻ തന്നെയാണ്. എന്നാൽ, മത്സരശേഷം ഇഷാൻ കിഷന്റെ പ്രകടനത്തിൽ ചിലർ ചില വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.

ഇഷാൻ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിൽ കൂടുതൽ മെച്ചപ്പെടാൻ ഉണ്ട് എന്നാണ് മുൻ ക്രിക്കറ്റർമാർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചത്. എന്നാൽ, ഈ വിമർശനങ്ങളെ അപ്പാടെ തള്ളിക്കളയുകയാണ് യുവ ഇന്ത്യൻ താരം. തനിക്ക് സിക്സ് നേടാനുള്ള കഴിവ് ഉണ്ട് എന്ന് പറഞ്ഞ ഇഷാൻ കിഷൻ, പിന്നെ താൻ എന്തിനാണ് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് എന്നാണ് മത്സരശേഷം പ്രതികരിച്ചത്.

“ചില ബാറ്റർമാർ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിൽ മികച്ചവരാണ്. എന്നാൽ, ഞാൻ സിക്സ് നേടുന്നതിൽ മികച്ചവനാണ്. ഇന്നിംഗ്സിന്റെ തുടക്കം മുതൽ സിക്സ് അടിക്കാൻ കെൽപ്പുള്ള ചുരുക്കം ബാറ്റർമാരിൽ ഒരാളാണ് ഞാൻ. സിക്സ് അടിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,” ഇഷാൻ കിഷൻ പറയുന്നു.

“ഒരു അറ്റത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത് നല്ലതാണ്. എന്നാൽ അപ്പോഴും ഒരു ബാറ്റർക്ക് സിക്സ് നേടാൻ സാധിക്കുന്നുണ്ടെങ്കിൽ പിന്നെ അദ്ദേഹം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ ശ്രമിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം,” ഇഷാൻ കിഷൻ പറഞ്ഞു. എന്നിരുന്നാലും, സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിൽ താൻ അൽപ്പം കൂടി മെച്ചപ്പെടേണ്ടതുണ്ട് എന്ന് ഇഷാൻ കിഷൻ കൂട്ടിച്ചേർത്തു.