വെടികെട്ട് ഇരട്ട സെഞ്ച്വറി!!ഇതിഹാസങ്ങളെ പിന്നിലാക്കുന്ന റെക്കോർഡുകളുമായി ഇഷാൻ കിഷൻ
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ടീം ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇഷാൻ കിഷന്റെ (210) ഡബിൾ സെഞ്ചുറിയുടെയും, വിരാട് കോഹ്ലിയുടെ (113) സെഞ്ചുറിയുടെയും മികവിൽ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് നേടി. മത്സരത്തിൽ ഡബിൾ സെഞ്ചുറി പ്രകടനം കാഴ്ചവച്ചതിലൂടെ, നിരവധി റെക്കോർഡുകൾ ആണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ തന്റെ പേരിലാക്കിയിരിക്കുന്നത്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പേരിൽ ഉണ്ടായിരുന്ന ഒരു റെക്കോർഡ് ആണ് ഇഷാൻ കിഷൻ ആദ്യം മറികടന്നത്. ഇന്ന് ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടുമ്പോൾ ഇഷാൻ കിഷന്റെ പ്രായം 24 വർഷവും 145 ദിവസവും ആണ്. ഇതോടെ, 26 വർഷവും 186 ദിവസവും പ്രായമുണ്ടായിരുന്നപ്പോഴാണ് രോഹിത് തന്റെ ആദ്യ ഡബിൾ സെഞ്ചുറി നേടിയത്. ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന റെക്കോർഡ് ഇഷാൻ കിഷൻ സ്വന്തമാക്കി. മാത്രമല്ല, 2020 നു ശേഷം ഇത് ആദ്യമായിയാണ് ഒരു ഇന്ത്യൻ ഓപ്പണർ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്നത്.

മത്സരത്തിൽ 126 പന്തിൽ നിന്ന് ഡബിൾ സെഞ്ചുറി തികച്ചതോടെ, ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിൾ സെഞ്ച്വറി എന്ന നേട്ടവും ഇഷാൻ കിഷൻ സ്വന്തമാക്കി. ഇതോടെ 138 പന്തിൽ നിന്ന് ഡബിൾ സെഞ്ചുറി നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലിന്റെ റെക്കോർഡ് പഴങ്കഥയായി. വിദേശത്ത് ഏകദിന ഫോർമാറ്റിൽ ഒരു ഇന്ത്യൻ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇന്ന് ഇഷാൻ കിഷൻ സ്വന്തമാക്കിയത്. 1999 ന് ശേഷം ശ്രീലങ്കക്കെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻസ് സൗരവ് ഗാംഗുലി നേടിയ 183 റൺസ് എന്ന റെക്കോർഡ് ആണ് ഇപ്പോൾ ഇഷാൻ കിഷൻ മറികടഞ്ഞിരിക്കുന്നത്.
ഏകദിന ഫോർമാറ്റിൽ ഡബിൾ സെഞ്ചറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റർ ആയി മാറിയ ഇഷാൻ കിഷൻ , ഏകദിന ഫോർമാറ്റിൽ ഒരു ഇന്ത്യൻ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ ആണ് ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. 131 പന്തിൽ 24 ഫോറും 10 സിക്സും സഹിതം 160.31 സ്ട്രൈക്ക് റേറ്റിൽ 210 റൺസ് ആണ് ഇഷാൻ സ്വന്തമാക്കിയത്. ഓപ്പണർ ആയി ക്രീസിൽ എത്തിയ ഇഷാൻ കിഷൻ ഇന്നിംഗ്സിന്റെ 36-മത്തെ ഓവറിൽ ആണ് പുറത്തായത് .