ഉമ്രാൻ മാലിക്കിനെ അല്ല!! പകരം ഈ യുവ ഫാസ്റ്റ് ബൗളറെ എല്ലാ കളിക്കും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുക ; നിർദേശം മുന്നോട്ടുവച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന രണ്ട് യുവ പേസർമാരാണ് അർഷ്ദീപ് സിങ്ങും ഉംറാൻ മാലിക്കും. ഇപ്പോൾ, പ്രോട്ടീസിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി യുവ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിങ്ങിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ.

ഐപിഎൽ 2022-ൽ പഞ്ചാബ് കിംഗ്‌സിനെ പ്രതിനിധീകരിച്ച അർഷ്ദീപ് സിങ്ങിന്റെ ഡെത്ത് ഓവർ ബൗളിംഗ് കഴിവിൽ ക്രിക്കറ്റ്‌ ലോകം മതിപ്പുളവാക്കിയിരുന്നു. ടൂർണമെന്റിലെ ഏറ്റവും മികച്ച ഇക്കോണമി നിരക്കുള്ള ബൗളർമാരിൽ ഒരാൾ കൂടിയാണ് അർഷ്ദീപ് സിങ്. കൂടാതെ, ഐപിഎൽ 15-ാം പതിപ്പിൽ ഏറ്റവും കൂടുതൽ യോർക്കറുകൾ എറിഞ്ഞിട്ടുള്ള ഇടങ്കയ്യൻ പേസർകൂടിയാണ് അർഷ്ദീപ് സിങ്. അർഷ്ദീപിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ, അഞ്ച് മത്സരങ്ങളിലും അർഷ്ദീപിനെ കളിപ്പിക്കാൻ ഇർഫാൻ പത്താൻ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

“വിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ ഐ‌പി‌എൽ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, അർഷദീപിന്റെ പേരിൽ മത്സരങ്ങൾ കൂടുതലും വിക്കറ്റുകൾ കുറവുമാണ്. എന്നിട്ടും സെലക്ടർമാർ അദ്ദേഹത്തെ പിന്തുണച്ച് ടീമിലേക്ക് തിരഞ്ഞെടുത്തു. അതിന് ഒരു കാരണമുണ്ട്, മികച്ച ബാറ്റർമാരെ പോലും അദ്ദേഹം അവസാന ഓവറുകളിൽ വരെ നിശബ്ദനാക്കുന്നു. ഡെത്ത് ഓവറുകളിൽ പന്തെറിയുമ്പോൾ, ധോണിയെയും ഹാർദിക് പാണ്ഡ്യയെയും നിശബ്ദത പാലിപ്പിക്കുന്നു. സെറ്റ് ബാറ്റർമാർക്കെതിരെ സ്ഥിരതയാർന്ന യോർക്കറുകൾ എറിയുന്നു,” സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ ഇർഫാൻ പത്താൻ പറഞ്ഞു.

“ചില ചിന്തകളുടെ അടിസ്ഥാനത്തിലാണ് സെലക്ടർമാർ ഇന്ത്യൻ ടീമിൽ ഒരു ഇടംകൈയ്യൻ ബൗളറെ തിരഞ്ഞെടുത്തത്, കാരണം ഇടത് എല്ലായ്പ്പോഴും ശരിയാണ്. അതിനാൽ എല്ലാ മത്സരങ്ങളിലും അദ്ദേഹത്തെ കളിപ്പിക്കുക, വിഷമകരമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ടീമിനായി കൈ ഉയർത്തുന്ന ഒരു ബൗളറാണ് അദ്ദേഹം, യോർക്കറുകൾ എറിഞ്ഞ് വിക്കറ്റുകൾ വീഴ്ത്താൻ ശ്രമിക്കും.