വീണ്ടും വീണ്ടും പറയുന്നു അവനാണ് സൂപ്പർ ക്യാപ്റ്റൻ : സീസണിലെ മികച്ച നായകൻ എന്ന് ആവർത്തിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ; കാരണം ഇതാണ്

ഇന്ന് (മെയ്‌ 29) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഫൈനൽ മത്സരത്തിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസും ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. എംഎസ് ധോണി, രോഹിത് ശർമ്മ, കെയ്ൻ വില്യംസൺ തുടങ്ങിയ പരിചയസമ്പന്നരായ നായകന്മാർ ടീമുകളെ നയിച്ചിട്ടും യുവനായകന്മാർ നയിച്ച ഫ്രാഞ്ചൈസികളാണ് ഫൈനലിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്.

നേരത്തെ സഞ്ജുവിന്റെ ക്യാപ്റ്റൻസൈക്കെതിരെയും, ഇന്നിംഗ്സുകളിൽ തുടർച്ചയായി 30-ന് മുകളിൽ റൺസുകൾ എടുക്കുന്നില്ല എന്നതിന്റെ പേരിലും രാജസ്ഥാൻ റോയൽസ് നായകനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, സഞ്ജുവിനെ വിമർശിച്ചവർക്കെല്ലാം അത് മാറ്റി പറയേണ്ടി വന്നു. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയാണ്‌ ശരി എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

എന്നാൽ, നേരത്തെ മുതൽ സഞ്ജുവിനെ പിന്തുണക്കുന്ന താരമാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. നേരത്തെ, ടൂർണമെന്റിലെ മികച്ച യുവ നായകൻ സഞ്ജു ആണെന്ന് ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടിരുന്നു. ഒരു ക്യാപ്റ്റന്റെ കഴിവ് ഏറ്റവും കൂടുതൽ പ്രകടമാവുക മത്സരങ്ങൾ ഡിഫെൻഡ് ചെയ്യുമ്പോഴണെന്നും, അതിൽ സഞ്ജു പല തവണ വിജയിച്ച് കാണിച്ചുതന്നിട്ടുണ്ടെന്നും ഇർഫാൻ പത്താൻ പറഞ്ഞിരുന്നു.

ഇപ്പോൾ, വീണ്ടും സഞ്ജു തന്നെയാണ് ഐപിഎൽ 15-ാം പതിപ്പിലെ മികച്ച ക്യാപ്റ്റൻ എന്ന് ആവർത്തിച്ചിരിക്കുകയാണ് ഇർഫാൻ പത്താൻ. സഞ്ജു ഒരുപാട് വളർന്നെന്നും, അദ്ദേഹം മികച്ച ക്യാപ്റ്റനായി മാറിയെന്നും ഇർഫാൻ പത്താൻ പറഞ്ഞു. എന്തുതന്നെയായാലും, ഇന്ന് സഞ്ജുവിന് കിരീടം ഉയർത്താൻ സാധിച്ചാൽ, ഇന്ത്യൻ ക്രിക്കറ്റ്‌ ലോകം മുഴുവൻ സഞ്ജുവിന് പിറകിൽ അണിനിരക്കും എന്ന് വ്യക്തമാണ്.

Rate this post