വീണ്ടും വിജയത്തിനരികിലെത്തി പൊരുതി വീണ് ഐറിഷ് പട!! കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

അയർലൻഡ് – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 21 റൺസിന്റെ വിജയം. ബ്രിസ്റ്റൾ കൗണ്ടി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക കൂറ്റൻ വിജയലക്ഷ്യമാണ് അയർലണ്ടിന് മുൻപിൽ വെച്ചത്. ടെമ്പ ബാവുമയുടെ അഭാവത്തിൽ കേശവ് മഹാരാജ് നയിച്ച ദക്ഷിണാഫ്രിക്ക 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി.

ഓപ്പണർ ക്വിന്റൻ ഡി കൊക്ക് (7), വാൻ ഡർ ഡസ്സൻ (10) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും, റീസ ഹെൻഡ്രിക്സ് (74), ഐഡൻ മാർക്രം (56) എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ കണ്ടെത്തിയത്. ഹെൻഡ്രിക്സ് 53 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 139.62 സ്ട്രൈക്ക് റേറ്റിൽ 74 റൺസ് നേടിയപ്പോൾ, 27 പന്തിൽ 2 ഫോറും 5 സിക്സും സഹിതം 207.41 സ്ട്രൈക്ക് റേറ്റോടെയാണ്‌ ഐഡൻ മാർക്രം 53 റൺസ് നേടിയത്.

ട്രിസ്റ്റൻ സ്റ്റബ്സ് (11 പന്തിൽ 24), പ്രേടോറിയസ് (7 പന്തിൽ 21*) എന്നിവരും അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. അയർലൻഡിനായി ഡിലാനെ 2 വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലണ്ടിന് ഭേദപ്പെട്ട തുടക്കം തന്നെയാണ് ലഭിച്ചത്. ഓപ്പണർമാരായ പോൾ സ്റ്റിർലിംഗ് (18), ക്യാപ്റ്റൻ ആൻഡ്രേ ബാൽബിറിൻ (14) എന്നിവർ നേരത്തെ മടങ്ങിയെങ്കിലും, വിക്കറ്റ് കീപ്പർ ലോർക്കൻ ടക്കർ (78) അയർലണ്ടിന് പ്രതീക്ഷ സമ്മാനിച്ചു.

എന്നാൽ, ടക്കറിന് പിന്തുണ നൽകാൻ മധ്യനിര ബാറ്റർമാർ പരാജയപ്പെട്ടത് അയർലണ്ടിന് തിരിച്ചടിയായി. വാലറ്റത്ത് ജോർജ് ഡോക്റൽ (28 പന്തിൽ 43) റൺസ് നേടി, 6-ാം വിക്കറ്റിൽ ടക്കറുമായി ചേർന്ന് 86 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും, ടക്കറെ പുറത്താക്കി സ്പിന്നർ ഷംസി ആ കൂട്ടുകെട്ട് തകർത്തതോടെ അയർലൻഡിന്റെ വിജയപ്രതീക്ഷകളും അസ്തമിച്ചു. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് അയർലൻഡിന് നേടാനായത്.