വീണുകിടന്ന ബാറ്റ്‌സ്മാനെ റൺ ഔട്ടാക്കാതെ കീപ്പർ 😱കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ഒരു മിസ്ഫീൽഡ് അല്ലെങ്കിൽ ഒരു ക്യാച്ച് നഷ്ടപ്പെടുത്തുന്നത് പോലും മത്സരത്തിൽ ടീമിന്റെ വിധി നിർണ്ണയിക്കുന്ന വാശിയേറിയ കായിക ഇനമാണ് ക്രിക്കറ്റ്‌. എന്നിരുന്നാലും, ഗെയിം സ്പിരിറ്റിന്റെ ഭാഗമായി മനഃപൂർവം ചില വീഴ്ച്ചകൾ വരുത്തുന്നത് പലപ്പോഴും ക്രിക്കറ്റിൽ നമ്മൾ കാണാറുണ്ട്, അതിനെ ആരാധകർ ‘ജെന്റിൽമാൻ ഗെയിം’ എന്ന് വിളിക്കുന്നു. പുരോഗമിക്കുന്ന ഒമാൻ ക്വാഡ്രാങ്കുലർ ടി20 പരമ്പരയിലെ, കഴിഞ്ഞ ദിവസം നടന്ന നേപ്പാൾ – അയർലൻഡ് മത്സരത്തിനിടയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചാവിഷയം.

നേപ്പാൾ – അയർലൻഡ് മത്സരത്തിനിടയിൽ അയർലൻഡ് ബാറ്റർ ആൻഡി മക്ബ്രിൻ റൺസിനായുള്ള ഓട്ടത്തിൽ ക്രീസിൽ എത്താതിരുന്നിട്ടും, തന്റെ കയ്യിൽ പന്ത് ലഭിച്ച നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖ്, ആൻഡി മക്ബ്രിനെ റണ്ണൗട്ട് ചെയ്യാൻ ശ്രമിക്കാതിരുന്നതാണ് ക്രിക്കറ്റ്‌ ആരാധകരുടെ കയ്യടിക്ക് ആസിഫ് ഷെയ്ഖിനെ അർഹനാക്കിയത്. ഇതുകൊണ്ടാണ് ക്രിക്കറ്റിനെ മാന്യന്മാരുടെ കളി എന്ന് പറയുന്നത് എന്നാണ് ആരാധകർ വൈറൽ വീഡിയോക്കൊപ്പം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ഇന്നിങ്സിന്റെ, 19-ാം ഓവറിലാണ് ഈ സംഭവം നടക്കുന്നത്. നേപ്പാളിന്റെ കമൽ സിംഗ് എറിഞ്ഞ 19-ാം ഓവറിലെ മൂന്നാം പന്ത്, സ്ട്രൈക്കിൽ ഉണ്ടായിരുന്ന അയർലൻഡ് ബാറ്റർ മാർക്ക് അഡയർ സില്ലി മിഡ്‌ ഓണിലേക്ക് തട്ടിയിട്ട്, നോൺ സ്ട്രൈക്കിൽ നിന്നിരുന്ന മക്ബ്രിനെ, ഒരു അതിവേഗ സിംഗിളിന് വിളിക്കുകയായിരുന്നു. അഡയറിന്റെ കോൾ കേട്ട ഉടനെ മക്ബ്രിൻ ക്രീസ് വിടുകയും ചെയ്തു.

എന്നാൽ, പന്തിനെ ലക്ഷ്യം വെച്ച് ഓടിയ നേപ്പാൾ ബൗളർ കമൽ സിംഗിന്റെ ദേഹത്ത് തട്ടി മക്ബ്രിൻ പിച്ചിന് നടുവിൽ വീണു. അവിടെ നിന്ന് എണീറ്റ് അയാൾ സ്ട്രൈക്കിംഗ് എൻഡിലേക്ക് ഓടിയെങ്കിലും, അപ്പോഴേക്കും കമൽ സിംഗ് പന്ത് വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖിന് കൈമാറിയിരുന്നു. അതോടെ, താൻ റൺഔട്ട്‌ ആയി എന്നുറപ്പിച്ച മക്ബ്രിൻ, തന്റെ റണ്ണിംഗ് സ്ലോ ഡൗൺ ചെയ്യുകയും ചെയ്തു. എന്നാൽ, പന്ത് കൈവശം വെച്ച് സ്റ്റംപിന് അരികിൽ നിന്ന് മാറിനിൽക്കുകയാണ് ആസിഫ് ഷെയ്ഖ് ചെയ്തത്, അതോടെ മക്ബ്രിൻ റൺസ് പൂർത്തിയാക്കുകയും ചെയ്തു. ആസിഫ് ഷെയ്ഖിന്റെ പ്രവർത്തിയെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ ആരാധകർ അഭിനന്ദിക്കുകയാണ്.