ഐപിഎൽ 16-ാം പതിപ്പ് മത്സരക്രമം ആയി; ഉദ്ഘാടന ദിനം സൂപ്പർ പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗ് 16-ാം പതിപ്പ് മത്സരക്രമം നിശ്ചയിച്ചു. ഐപിഎൽ 2023-ന് മാർച്ച് 31 വെള്ളിയാഴ്ച തുടക്കം കുറിക്കും എന്ന് ബിസിസിഐ അറിയിച്ചു. 10 ഫ്രാഞ്ചൈസികൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ, 74 മത്സരങ്ങളാണ് ഉണ്ടായിരിക്കുക. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ, നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഐപിഎൽ 2023-ന്റെ ഉദ്ഘാടന മത്സരം നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് സീസണുകളിൽ ആയി, കോവിഡ് മഹാമാരിയുടെ ഭീഷണിയെ തുടർന്ന്, എല്ലാ ഫ്രാഞ്ചൈസികൾക്കും ഹോം എവേ എന്നിങ്ങനെ മത്സരങ്ങൾ നിശ്ചയിക്കുന്നതിന് പകരം, കുറച്ച് സ്റ്റേഡിയങ്ങളിൽ മാത്രമായി മത്സരങ്ങൾ ക്രമീകരിക്കുകയായിരുന്നു. ഐപിഎൽ 2022, മഹാരാഷ്ട്രയിലെ 4 സ്റ്റേഡിയങ്ങളിൽ ആയിയാണ് നടന്നത്. എന്നാൽ, ഇത്തവണ പഴയപോലെ എല്ലാ ഫ്രാഞ്ചൈസികളുടെയും സ്റ്റേഡിയങ്ങളിൽ മത്സരം ഉണ്ടായിരിക്കും. അതേസമയം, ഐപിഎൽ ഡിജിറ്റൽ മീഡിയ അവകാശങ്ങളിൽ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഐപിഎൽ മീഡിയ അവകാശം, 2023-2027 കാലത്തേക്ക് കൂടി, സ്റ്റാർ സ്പോർട്സ് ഉടമസ്ഥരായ വാൾട് ഡിസ്നേ കമ്പനി നിലനിർത്തിയപ്പോൾ, വിയാകോം 18 ആണ് ഈ കാലയളവിലേക്കുള്ള ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഐസിസി പുതിയതായി അവതരിപ്പിച്ച ‘ഇമ്പാക്ട് പ്ലയെർ റൂൾ’ ഐപിഎൽ 2023-ൽ നടപ്പിലാക്കും എന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ബിസിസിഐ അവതരിപ്പിക്കാൻ പോകുന്ന ഈ പുതിയ നിയമം, പല മത്സരങ്ങളുടെയും ഫലം തന്നെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ളതാണ്.

ഐപിഎല്ലിലെ എക്കാലത്തെയും വമ്പൻമാരായ ചെന്നൈ സൂപ്പർ കിങ്സും, മുംബൈ ഇന്ത്യൻസും കഴിഞ്ഞ സീസണിൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ, ഐപിഎൽ മിനി ഓക്ഷനിൽ ഒരുപിടി താരങ്ങളെ സ്വന്തമാക്കി, ഇരു ടീമുകളും അവരവരുടെ കരുത്ത് വർദ്ധിപ്പിച്ചാണ് വരുന്ന സീസണിലേക്ക് ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ പുതിയതായി പങ്കെടുത്ത ടീമുകൾ ആയ, ഗുജറാത്ത് ടൈറ്റൻസും ലക്നൗവും കഴിഞ്ഞ സീസണിൽ തന്നെ അവരുടെ കരുത്ത് തെളിയിച്ചതാണ്.

5/5 - (1 vote)