ഐപിഎൽ 2022 ഫൈനൽ മത്സരം ഒത്തുകളി ; ആരോപണമുന്നയിച്ച് ബിജെപി നേതാവ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം പതിപ്പിന് മെയ് 28-ന് സമാപനമായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ രാജസ്ഥാൻ റോയൽസിനെതിരെ ആവേശ്വജ്ജ്വല ജയം നേടി കിരീടം ഉയർത്തുകയായിരുന്നു. ഹാർദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് അവരുടെ പ്രഥമ ഐപിഎൽ സീസണിൽ തന്നെ ജേതാക്കളായത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു.

രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും ടൂർണമെന്റിൽ മികച്ച ഫോമിലായിരുന്നതിനാൽ,രണ്ട് ഫ്രാഞ്ചൈസികളും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ ആരാധകർ വലിയ പ്രതീക്ഷകൾ വെച്ച് പുലർത്തിയിരുന്നെങ്കിലും, അത് നിറം മങ്ങിയ ഒരു മത്സരം മാത്രമായി മാറി. രാജസ്ഥാൻ റോയൽസിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിക്കൊണ്ടായിരുന്നു ഫൈനൽ മത്സരത്തിൽ ഗുജറാത്ത്‌ ടൈറ്റൻസ് വിജയം സ്വന്തമാക്കിയത്.

ഫൈനലിൽ രാജസ്ഥാൻ റോയൽസിന് തോൽവി പിണഞ്ഞതോടെ നിരവധി റോയൽസ് ആരാധകർ തങ്ങളുടെ നിരാശ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) യുടെ മുതിർന്ന നേതാവായ സുബ്രഹ്മണ്യൻ സ്വാമി ഐ‌പി‌എൽ മത്സരങ്ങളുടെ ഫലങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്ന് ആരോപിച്ച് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

“ടാറ്റ ഐപിഎൽ ക്രിക്കറ്റ് മത്സരഫലങ്ങൾ കൃത്രിമമായി നടന്നതായി രഹസ്യാന്വേഷണ ഏജൻസികളിൽ വ്യാപകമായ റിപ്പോർട്ടുകളുണ്ട്. അമിത് ഷായുടെ മകൻ ബിസിസിഐയുടെ നേതൃത്വത്തിൽ ഉള്ളതിനാൽ സർക്കാർ ഇക്കാര്യത്തിൽ ഇടപെടില്ല. എന്നാൽ, ഒരു പൊതുതാൽപര്യ ഹർജി വരാൻ സാധ്യതയുണ്ട്, അതിന് പിന്നാലെ ഒരു അന്വേഷണം ആവശ്യമായി വന്നേക്കാം,” സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

Rate this post