കൊച്ചിയിൽ നടക്കാനിരിക്കുന്ന ഐപിഎൽ മിനിതാരലേലത്തിൽ 991 കളിക്കാർ രജിസ്റ്റർ ചെയ്തു; വിലകുറച്ച് ഇന്ത്യൻ താരങ്ങൾ

ഈ മാസം 23-നാണ് 2023 ഐപിഎൽ പതിപ്പിനുള്ള മിനിതാരലേലം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ താരലേലം കൊച്ചിയിൽ ആണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഓരോ ഫ്രാഞ്ചൈസികളും അവരുടെ മുൻ സീസണുകളിൽ നിന്നുള്ള സ്ക്വാഡിൽ അഴിച്ചുപണി നടത്താൻ തയ്യാറായാണ് മിനിതാരലേലത്തെ സമീപിക്കുന്നത്. ഇത്തവണ 991 കളിക്കാർ ആണ് ഐപിഎൽ താരലേലതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രജിസ്റ്റർ ചെയ്ത കളിക്കാരിൽ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ അടിസ്ഥാനവില രണ്ടുകോടി രൂപയാണ്. ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിൽ ആദ്യമായി, താരലേലത്തിലെ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടുകോടിയിൽ രജിസ്റ്റർ ചെയ്ത കളിക്കാരിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, സാം കറൻ, ക്രിസ് ലിൻ, അഞ്ചലോ മാത്യൂസ്, നികോളാസ് പൂരൻ, ജെയ്സൺ ഹോൾഡർ തുടങ്ങിയ താരങ്ങളാണ് രണ്ടുകോടി അടിസ്ഥാന വിലയിൽ രജിസ്റ്റർ ചെയ്ത കളിക്കാരിലെ പ്രമുഖ.

ശാക്കിബ് അൽ ഹസ്സൻ, ജെയ്സൺ റോയ്, ആദം സാമ്പ, ഡേവിഡ് മലൻ തുടങ്ങിയ താരങ്ങൾ ഒന്നരക്കോടിയാണ്‌ അടിസ്ഥാന വിലയായി നൽകിയിരിക്കുന്നത്. ഐപിഎൽ മിനിതാരലേലത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന അടിസ്ഥാന വില നൽകിയിരിക്കുന്നത് ഒരു കോടി രൂപയാണ്. മായങ്ക് അഗർവാൾ, കേദാർ ജാദവ്, മനീഷ് പാണ്ഡേ എന്നിവരാണ് ഒരുകോടി അടിസ്ഥാന വിലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യൻ താരങ്ങൾ. മുഹമ്മദ്‌ നബി, മുജീബ് ഉർ റഹ്മാൻ, മാറ്റ് ഹെൻറി, ടോം ലഥാം തുടങ്ങിയ നിരവധി വിദേശ താരങ്ങളും ഒരുകോടി രൂപ അടിസ്ഥാന വിലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, ചില വെറ്ററൻ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ അടിസ്ഥാന വില കുറച്ചത് ശ്രദ്ധേയമായി. കഴിഞ്ഞ ഐപിഎൽ താര ലേലത്തിൽ ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അജിങ്ക്യ രഹാനെ അത് 50 ലക്ഷമായി കുറച്ചു. ഇഷാന്ത് ശർമ്മ തന്റെ അടിസ്ഥാനവില 75 ലക്ഷമായും കുറച്ചു. കൊച്ചിയിൽ നടക്കാനിരിക്കുന്നത് മിനിതാരലേലം ആണെങ്കിലും, വിവിധ ഫ്രാഞ്ചൈസികൾ നിരവധി കളിക്കാരെ റിലീസ് ചെയ്തതിനാൽ കൊച്ചി ഒരു വലിയ താര ലേലത്തിന് തന്നെ വേദിയാകും.

Rate this post