പ്ലേഓഫിലേക്ക് ഇനി ഒരു വഴി!! മത്സരരംഗത്ത് മൂന്ന് ടീമുകൾ

ഐപിഎൽ 2023-ന്റെ അവസാനത്തെ മാച്ച്ഡേ വന്നെത്തിയിരിക്കുകയാണ്. ഇന്ന് (ഞായറാഴ്ച) രണ്ട് മത്സരങ്ങൾ ആണ് നടക്കാനിരിക്കുന്നത്. ആദ്യമത്സരത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെയും, രണ്ടാമത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനെയും നേരിടും. ലീഗ് ഘട്ടത്തിലെ അവസാന മത്സരം പോലും പ്ലേഓഫ് നിർണയിക്കാൻ കെൽപ്പുള്ളതാണ് എന്നത് തന്നെ ഈ സീസണിന്റെ ആവേശകരമായ കോമ്പറ്റീഷൻ ഉയർത്തി കാണിക്കുന്നു.

ഇത് വരെ മൂന്ന് ടീമുകൾ ആണ് പ്ലേഓഫ് ഉറപ്പാക്കിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ലക്നൗ സൂപ്പർ ജിയന്റ്സ് എന്നീ മൂന്ന് ടീമുകൾ ആണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം പിടിച്ച് പ്ലേഓഫ് ഉറപ്പാക്കിയിരിക്കുന്നത്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി മൂന്ന് ടീമുകൾ ആണ് മത്സര രംഗത്ത് ഉള്ളത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് നാലാം സ്ഥാനത്തിനായി മത്സരിക്കുന്നത്. ഈ ടീമുകൾക്ക് പ്ലേഓഫിൽ ഇടം പിടിക്കാനുള്ള സാധ്യതകൾ എങ്ങനെ എന്ന് നോക്കാം.

ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും വിജയം നേടിയാൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേഓഫിലേക്ക് യോഗ്യത നേടാനാണ് കൂടുതൽ സാധ്യത. മുംബൈ ഇന്ത്യൻസ് വലിയൊരു മാർജിനിൽ വിജയിച്ചാൽ മാത്രമേ അവർക്ക് ആർസിബിയെ നെറ്റ് റൺ റേറ്റിൽ മറികടക്കാൻ സാധിക്കുകയുള്ളൂ. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ, മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പരാജയപ്പെട്ടാൽ, രണ്ട് സാധ്യതകൾ ആണ് ഉള്ളത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 5 റൺസിൽ കുറവിന് പരാജയപ്പെടുകയോ, ഗുജറാത്ത് ടൈറ്റൻസ് 19.3 ഓവറിന് അകം വിജയലക്ഷ്യം മറികടക്കാതിരിക്കുകയോ ചെയ്താൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേഓഫിലേക്ക് യോഗ്യത നേടും, അല്ലാത്തപക്ഷം രാജസ്ഥാൻ റോയൽസ് ആയിരിക്കും യോഗ്യത നേടുക. ഇന്നത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വിജയിക്കുകയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരാജയപ്പെടുകയും ചെയ്താൽ മുംബൈ ഇന്ത്യൻസ് പ്ലേഓഫ് യോഗ്യത നേടും, ഇനി ഇതിന്റെ നേർവിപരീതമാണ് ഫലം എങ്കിൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ യോഗ്യത നേടും.

5/5 - (1 vote)