
ഐപിഎൽ പ്ലേഓഫിൽ എത്താൻ ഇനി എന്താണ് വഴി? ആരൊക്കെ ഇത്തവണ പ്ലേഓഫ് കളിക്കും | IPL 2023 Playoff Chances
IPL 2023 Playoff Chances:ഐപിഎൽ 2023-ൽ ഭൂരിഭാഗം ടീമുകളുടെയും 10 മത്സരങ്ങൾ പൂർത്തിയായി കഴിഞ്ഞു. അതായത് ഇനി ടീമുകൾക്ക് അവശേഷിക്കുന്നത് നാലോ അഞ്ചോ മത്സരങ്ങൾ മാത്രമാണ്. ഐപിഎൽ പ്ലേഓഫ് അടുത്തുവരുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്. എന്നാൽ, ഇതുവരെയും ഒരു ടീമിനും പ്ലേഓഫ് താനും ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല, ഇതുവരെയും ഒരു ടീമും ഔദ്യോഗികമായി പുറത്തായിട്ടും ഇല്ല. ഓരോ ടീമുകൾക്കും ഇനി പ്ലേഓഫിൽ കയറണമെങ്കിൽ എത്ര വിജയങ്ങൾ നേടണമെന്ന് നോക്കാം.
16 പോയിന്റ് ആണ് സാധാരണ ഐപിഎല്ലിൽ പ്ലേഓഫിനുള്ള കട്ട് ഓഫ് ആയി കണക്കാക്കുന്നത്. നിലവിൽ 10 കളികളിൽ നിന്ന് 14 പോയിന്റുകൾ ഉള്ള ഗുജറാത്ത് ടൈറ്റൻസ് ആണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അവർക്ക്, പ്ലേഓഫിൽ ഇടം കണ്ടെത്താനായി ശേഷിക്കുന്ന നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ചാൽ മതിയാകും. രണ്ടാം സ്ഥാനത്തുള്ള ലക്നൗ സൂപ്പർ ജിയന്റ്സിന് ശേഷിക്കുന്ന നാല് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങൾ വിജയിക്കേണ്ടതുണ്ട്. സമാന സാഹചര്യത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സും നിൽക്കുന്നത്. ഇരു ടീമുകൾക്കും 10 കളികളിൽ നിന്ന് 11 വീതം പോയിന്റുകൾ ഉണ്ട്.
10 കളികളിൽ നിന്ന് 10 പോയിന്റ്കളുള്ള രാജസ്ഥാൻ റോയൽസിനും, ശേഷിക്കുന്ന നാലു മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ അനിവാര്യമാണ്. 9 കളികളിൽ നിന്ന് 10 പോയിന്റ് വീതമുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും, മുംബൈ ഇന്ത്യൻസിനും ശേഷിക്കുന്ന 5 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മതിയാകും പ്ലേഓഫിൽ ഇടം കണ്ടെത്താൻ. 10 കളികളിൽ നിന്ന് 10 പോയിന്റ് ഉള്ള പഞ്ചാബ് കിങ്സിന്, ശേഷിക്കുന്ന നാലു മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ നേടേണ്ടതുണ്ട്.
10 കളികളിൽ നിന്ന് എട്ട് പോയിന്റ് സമ്പാദ്യമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്, ശേഷിക്കുന്ന നാല് മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്. 9 കളികളിൽ നിന്ന് 6 പോയിന്റ് വീതം ഉള്ള, പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദിനും ഡൽഹി ക്യാപിറ്റൽസിനും ഇനി പ്ലേഓഫിൽ ഇടം കണ്ടെത്താൻ ശേഷിക്കുന്ന 5 മത്സരങ്ങളിലും വിജയം അനിവാര്യമാണ്. ഇതോടൊപ്പം തന്നെ നെറ്റ് റൺ റേറ്റ് ഉയർത്തുന്നത് എല്ലാ ടീമുകൾക്കും നിർണായകമാണ്.