
IPL 2023:ഫൈനലിൽ അവർ എളുപ്പം വരും!! പ്രവചിച്ചു മുൻ താരം | Sanju Samson
2023ലെ ഐപിഎല്ലിന് കൊടിയേറാൻ കേവലം ആറു ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽതന്നെ പല മുൻ താരങ്ങളും പ്രവചനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീം ഫൈനലിൽ എത്തും എന്ന പ്രവചനമാണ് ഇന്ത്യയുടെ മുൻ താരമായ മുഹമ്മദ് കൈഫ് ഇപ്പോൾ നടത്തിയിരിക്കുന്നത്. സഞ്ജുവിനെ പോലെ ഒരു നായകനും ജോസ് ബട്ലറെപോലെ ഒരു വെടിക്കെട്ട് ബാറ്ററും ഹെറ്റ്മേയറെ പോലെ ഒരു ഫിനിഷറുമുള്ളപ്പോൾ രാജസ്ഥാൻ റോയൽസിന് ഫൈനലിലെത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ് എന്നാണ് മുഹമ്മദ് കൈഫിന്റെ വാദം.
രാജസ്ഥാൻ ടീമിന്റെ ഘടന വ്യക്തമാക്കി കൊണ്ടാണ് മുഹമ്മദ് കൈഫ് ഈ പ്രസ്താവന നടത്തിയത്. “രാജസ്ഥാൻ റോസ് ഇത്തവണത്തെ ഐപിഎല്ലിലും ഫൈനലിലെത്താൻ സാധ്യതകളേറെയാണ്. കാരണം വളരെ ശക്തരായ താരങ്ങളാണ് രാജസ്ഥാൻ റോയൽസ് ടീമിലുള്ളത്. രാജസ്ഥാന് സ്പിൻ വിഭാഗത്തിൽ രവിചന്ദ്രൻ അശ്വിനും ചഹലുമുണ്ട്. കഴിഞ്ഞവർഷത്തെ അവരുടെ പ്രധാന ബോളറായിരുന്ന പ്രസീദ് കൃഷ്ണ പരിക്കിന്റെ പിടിയിലാണെങ്കിലും, ന്യൂ ബോളിൽ ട്രെൻഡ് ബോൾട്ട് അവർക്കായി വിക്കറ്റുകൾ പിഴുതെറിയും എന്ന കാര്യത്തിൽ സംശയമില്ല.”- മുഹമ്മദ് കൈഫ് പറയുന്നു.
“രാജസ്ഥാൻ എന്നും പൂർണമായ ഒരു ടീം തന്നെയാണ്. അവർക്കായി മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുന്ന ബാറ്ററാണ് ജോസ് ബട്ലർ. ഒപ്പം ടീമിൽ ഫിനിഷറായി കളിക്കുന്നത് ഷിമറോൺ ഹെറ്റ്മേയറാണ്. മാത്രമല്ല മൂന്നാം നമ്പരിൽ സഞ്ജു സാംസനും രാജസ്ഥാനായി മികച്ച റെക്കോർഡുകളുള്ള കളിക്കാരനാണ്. കഴിഞ്ഞ സീസണുകളിലൊക്കെയും രാജസ്ഥാനെ മികച്ച രീതിയിൽ നയിക്കാൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്.”- മുഹമ്മദ് കൈഫ് കൂട്ടിച്ചേർക്കുന്നു.
2022ലെ ഐപിഎല്ലിൽ വളരെ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു ജോസ് ബട്ലറും ഹെറ്റ്മേയറും സഞ്ജു സാംസണും കാഴ്ചവച്ചത്. 2022ലെ ഐപിഎല്ലിൽ 57.53 റൺസ് ശരാശരിയിൽ ബാറ്റുചെയ്ത ബട്ലർ 863 റൺസുമായി ടോപ് സ്കോററായിരുന്നു. 488 റൺസ് നേടിയ സഞ്ജു സാംസണായിരുന്നു ടീമിലെ രണ്ടാമത്തെ ടോപ് സ്കോറർ. മറുവശത്ത് ഫിനിഷറായിറങ്ങി 153 സ്ട്രൈക്ക് റേറ്റിൽ റൺസ് നേടുവാൻ ഹെറ്റ്മേയറിന് സാധിച്ചിരുന്നു. 2022 ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻ ടീമിനോടായിരുന്നു രാജസ്ഥാൻ റോയൽസ് പരാജയമേറ്റുവാങ്ങിയത്.