കുറഞ്ഞ വിലക്ക് ടീമിലെത്തി ലോട്ടറിയായ താരങ്ങൾ!! ഈ താരങ്ങൾ വിസ്മയം

ഐപിഎൽ 15-ാം പതിപ്പ് അതിന്റെ അവസാന റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ, ഗുജറാത്ത്‌ ടൈറ്റൻസ് ഒഴികെ മറ്റാർക്കും പ്ലേഓഫ് ബർത്ത് ഉറപ്പിക്കാനായിട്ടില്ല എന്നതുക്കൊണ്ട്, അവസാന റൗണ്ട് മത്സരങ്ങൾ കാത്തുവെക്കുന്ന ക്ലൈമാക്സിനായി ആകാംശയോടെ കാത്തിരിക്കുകയാണ് ആരാധകർ. എന്നിരുന്നാലും, നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും അവസാന റൗണ്ട് മത്സരങ്ങൾ ശേഷിക്കേ തന്നെ പുറത്തുപോയത് ഐപിഎൽ 2022-ലെ ട്വിസ്റ്റുകളെ സൂചിപ്പിക്കുന്നു.

മാത്രമല്ല, പല ഫ്രാഞ്ചൈസികളും പ്രതീക്ഷ വെച്ച സൂപ്പർ താരങ്ങൾ നിറം മങ്ങിയപ്പോൾ അപ്രതീക്ഷിത താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തതും ഐപിഎൽ 15-ാം പതിപ്പിനെ മറ്റു സീസണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഐപിഎൽ 2022 താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായ ഇഷാൻ കിഷൻ, 16 കോടി രൂപയ്ക്ക് സിഎസ്കെ നിലനിർത്തിയ രവീന്ദ്ര ജഡേജ തുടങ്ങിയ വമ്പൻ പേരുകൾ വെറും പേപ്പറിൽ ഒതുങ്ങിയപ്പോൾ, താരലേലത്തിൽ അടിസ്ഥാന വിലയ്ക്ക് ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയ പല താരങ്ങളും ഐപിഎൽ സീസണിൽ തിളങ്ങി നിൽക്കുന്നു.

പ്രധാന താരങ്ങളുടെ അഭാവവും ഫോമില്ലായ്മയും ടൂർണമെന്റിലെ പ്രകടനത്തെ സാരമായി ബാധിച്ച ടീമാണ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ്. ജഡേജ, ഗെയ്ക്വാദ്, റായിഡു തുടങ്ങിയ താരങ്ങൾ നിറം മങ്ങുകയും, 14 കോടിയുടെ ദീപക് ചാഹർ പരിക്ക് മൂലം ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തപ്പോൾ, അടിസ്ഥാന വിലയായ 1 കോടി രൂപയ്ക്ക് സിഎസ്കെ സ്വന്തമാക്കിയ ഡെവോൺ കോൺവെയും 20 ലക്ഷം രൂപയ്ക്ക് സിഎസ്കെ സ്വന്തമാക്കിയ മുകേഷ് ചൗധരിയും ലഭിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്തി. കോൺവെ 5 കളികളിൽ നിന്ന് 231 റൺസ് നേടിയപ്പോൾ, 11 കളികളിൽ നിന്ന് 16 വിക്കറ്റുകൾ നേടി മുകേഷ് ചൗധരിയും തിളങ്ങി.

ഐപിഎൽ താരലേലത്തിൽ വിലയിടാൻ ഫ്രാഞ്ചൈസികൾ മടിച്ചു നിന്ന താരമാണ് ഇന്ത്യയുടെ വെറ്റെറൻ പേസർ ഉമേഷ്‌ യാദവ്. എന്നാൽ, അൺസോൾഡ് പട്ടികയിൽ നിന്ന് അടിസ്ഥാന വിലയ്ക്ക് കെകെആർ യാദവിനെ സ്വന്തമാക്കുമ്പോൾ അവർ പോലും പ്രതീക്ഷിച്ചു കാണില്ല, ഈ സീസണിലെ തങ്ങളുടെ ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ ഉമേഷ്‌ യാദവ് ആവും എന്നു. 10 കളികളിൽ നിന്ന് 15 വിക്കറ്റുകൾ ആണ് ഉമേഷിന്റെ സമ്പാദ്യം.

ഐപിഎൽ താരലേലം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ ടീമുകളിൽ ഒന്നാണ് ലഖ്നൗ സൂപ്പർ ജിയന്റ്സ്. അതിന്റെ ഫലം അവരുടെ പ്രകടനത്തിലും ദൃശ്യമാണ്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് എൽഎസ്ജി സ്വന്തമാക്കിയ താരമാണ് മൊഹ്‌സിൻ ഖാൻ. 6 കളികളിൽ നിന്ന് 10 വിക്കറ്റ് ആണ് ഈ യുവതാരം ഇതുവരെ സീസണിൽ നേടിയത്.

Rate this post