കേരളത്തിന്റെ കൊമ്പന്മാർ ഇന്നിറങ്ങും :ലക്ഷ്യം ജയം മാത്രം

ഗോവയിലെ ഫത്തോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ 35-ാം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഇന്ന് ഏറ്റുമുട്ടും.സീസണിൽ ഉജ്ജ്വലഫോമിൽ, എതിരാളികളെ തച്ചുതകർത്ത് മുന്നേറുന്ന മുംബൈയുടെ മുന്നിലേക്കാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. കടുത്ത ആരാധകർ പോലും ബ്ലാസ്റ്റേഴ്സ് വിജയം പ്രവചിക്കുന്നില്ലെങ്കിലും ഉജ്ജ്വല പോരാട്ടം നടത്താനായാൽ അത് മതിയാകും അവരെ സന്തോഷിപ്പിക്കാൻ.

ഒരു മത്സരം ഒഴികെ ബാക്കി എല്ലാം വിജയിച്ച മുംബൈ സിറ്റിയാണ് ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ളത്. അവസാന നാലു മത്സരവും വിജയിച്ചാണ് മുംബൈ സിറ്റി എത്തുന്നത്. സീസണിൽ ആകെ ഒരു വിജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിജയം നിർബന്ധമാണ്. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ചും വിജയിച്ച് 15 പോയിന്റുമായി ലീ​ഗിൽ ഒന്നാമതാണ് മുംബൈ. ഒരു വിജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ആറ് പോയിന്റുമായി എട്ടാം സ്ഥാനത്തും. മുംബൈ ഇതുവരെ 17 ​ഗോളടിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് വലകുലുക്കിയത് ആറ് തവണ മാത്രം. വഴങ്ങിയ ​ഗോളുകളുടേയും തോൽവിയുടേയും കണക്കിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്കൊപ്പം നിൽക്കുന്നത്. പോയിന്റ് പട്ടികയിലെ കണക്കുകൾ തന്നെ വ്യക്തമാകുന്ന ഈ വൻ വ്യത്യാസം മത്സരത്തിന് ​ഗ്രൗണ്ടിലിറങ്ങുമ്പോൾ മുംബൈയ്ക്ക് മേധാവിത്വം നൽകുമെന്നത് ഉറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ് സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.