ബംഗ്ലാദേശും സിംബാബ്‌വെയുമല്ല ഇന്ത്യക്ക് തടസ്സം നിൽക്കുന്നത് ; ഇന്ത്യയുടെ എതിരാളി ആരാണെന്ന് നോക്കാം

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ പരാജയം വഴങ്ങിയതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ആശങ്കയിൽ ആയിരിക്കുകയാണ്. നിലവിൽ 3 കളികളിൽ നിന്ന് 2 വിജയവും ഒരു പരാജയവും ഉൾപ്പടെ 4 പോയിന്റ് ഉള്ള ഇന്ത്യ ഗ്രൂപ്പ്‌ 2-ൽ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഇനി വരുന്ന മത്സരങ്ങൾ ഇന്ത്യക്ക് കൂടുതൽ നിർണായകം ആയിരിക്കുകയാണ്. ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകൾക്കെതിരെയാണ് ഇന്ത്യക്ക് ഇനി മത്സരങ്ങൾ അവശേഷിക്കുന്നത്.

വരാനിരിക്കുന്ന മത്സരങ്ങളിൽ താരതമ്യേനെ പേപ്പറിൽ കരുത്തർ ഇന്ത്യ ആണെങ്കിലും, ഇന്ത്യക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത് മറ്റൊന്നാണ്. സിംബാബ്‌വെക്കെതിരായ അവസാന മത്സരം നടക്കാനിരിക്കുന്നത് മെൽബണിൽ ആണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെൽബണിൽ കനത്ത മഴ തുടരുകയാണ്. ഒരുപക്ഷേ ഇന്ത്യ സിംബാബ്‌വെ മത്സരം മഴമൂലം ഉപേക്ഷിച്ചാൽ ഇന്ത്യക്ക് ഒരു പോയിന്റ് മാത്രമേ നേടാൻ ആകൂ. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരം ഇന്ത്യക്ക് അതിനിർണായകമായിരിക്കുകയാണ്.

ഗ്രൂപ്പ്‌ 2-ൽ നിലവിൽ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 5 പോയിന്റ് ആണ് ഉള്ളത്. അതേസമയം രണ്ടാം സ്ഥാനത്ത് ഉള്ള ഇന്ത്യക്കും മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശിനും 4 പോയിന്റ് ആണ് ഉള്ളത്. റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്നത്. ഗ്രൂപ്പിൽ നാലാം സ്ഥാനത്തുള്ള സിംബാബ്‌വെക്ക് 3 പോയിന്റ് ഉണ്ട്. ഗ്രൂപ്പിൽ 2 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാന് വരെ ഇപ്പോഴും സെമി സാധ്യതകൾ ഉണ്ട് എന്നതാണ് വസ്തുത.

അതുകൊണ്ട് തന്നെ, സിംബാബ്‌വെയെ പരാജയപ്പെടുത്തി സെമി പ്രവേശനം ഉറപ്പിക്കാം എന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല. ബംഗ്ലാദേശിനെതിരെ വിജയം നേടി, സെമി സാധ്യത വർദ്ധിപ്പിക്കുക എന്നതാണ് ഇപ്പോൾ ഇന്ത്യക്ക് മുൻപിൽ ഉള്ള ലക്ഷ്യം. ബംഗ്ലാദേശിനെ പരാജയപ്പെടുത്താൻ സാധിച്ചാൽ, സിംബാബ്‌വെക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചാലും, പോസിറ്റീവ് റൺ റേറ്റ് ഉള്ള ഇന്ത്യക്ക് സെമിയിൽ പ്രവേശിക്കാൻ ആകും. കണക്കുകൂട്ടലുകളിൽ എവിടെയെങ്കിലും പിഴവ് വന്നാൽ, അത് ഇന്ത്യയുടെ സെമി സാധ്യതക്ക് തന്നെ തിരിച്ചടിയായേക്കും.