രണ്ടാം ദിനത്തിലെ മൊത്തം റെക്കോർഡും ഇന്ത്യക്ക്!! സൂപ്പർ സ്റ്റാർ ബുംറ

ഇംഗ്ലണ്ടിനെതിരായ പുനഃക്രമീകരിച്ച എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ അപ്രതീക്ഷിതമായിയാണ് ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റൻസി ഏൽപ്പിക്കുന്നത്. നിലവിൽ, മത്സരത്തിന്റെ രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേരിയ മുൻ‌തൂക്കം നേടിയിട്ടുണ്ട്. മാത്രമല്ല, രണ്ട് ദിനം കൊണ്ട് 5 റെക്കോർഡുകളാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. ഇവയിൽ രണ്ട് റെക്കോർഡുകൾ സ്വന്തമാക്കിയത് ക്യാപ്റ്റൻ ജസ്‌പ്രീത് ബുംറ തന്നെ.

മത്സരത്തിൽ, 16 പന്തിൽ പുറത്താകാതെ 31* റൺസാണ് ബുംറ നേടിയത്. 10-ാനായി ബാറ്റ് ചെയ്യാൻ എത്തുന്ന ഒരു ഇന്ത്യൻ ടെസ്റ്റ്‌ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണിത്. മാത്രമല്ല, ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ഇന്നിങ്സിലെ 84-ാം ഓവറിൽ എക്സ്ട്രാസ്‌ ഉൾപ്പടെ 35 റൺസ് പിറന്നപ്പോൾ, ബുംറ 29 റൺസ് നേടിയിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു ഓവറിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണിത്.

മത്സരത്തിൽ സെഞ്ച്വറി പ്രകടനവുമായി റിഷഭ് പന്ത് തിളങ്ങിയിരുന്നു. 111 പന്തിൽ 19 ഫോറും 4 സിക്സും സഹിതം 146 റൺസാണ് പന്ത് നേടിയത്. ഇതോടെ, ഇംഗ്ലീഷ് മണ്ണിൽ ഒന്നിലധികം സെഞ്ച്വറികൾ നേടുന്ന വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് മാറി. നേരത്തെ, 2018-ൽ റിഷഭ് പന്ത് ഇംഗ്ലണ്ടിൽ സെഞ്ച്വറി നേടിയിരുന്നു. കൂടാതെ, മത്സരത്തിൽ തന്റെ ആദ്യ സിക്സ് നേടിയതോടെ, പന്ത് തന്റെ കരിയറിൽ 100 സിക്സുകൾ തികച്ചു. ഇതോടെ, 100 സിക്സുകൾ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റിഷഭ് പന്ത്.

സച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് ആണ് പന്ത് മറികടന്നത്. മത്സരത്തിൽ ഏറ്റവും നിർണ്ണായകമായത് റിഷഭ് പന്തിന്റെയും ജഡേജയുടെയും 6-ാം വിക്കറ്റിലെ കൂട്ടുകെട്ടാണ്. ഇന്ത്യ 98/5 എന്ന നിലയിൽ നിൽക്കുമ്പോൾ തുടങ്ങിയ കൂട്ടുകെട്ടിൽ, 222 റൺസാണ് പിറന്നത്. ഇത്‌ 6-ാം വിക്കറ്റിൽ ഒരു ഇന്ത്യൻ സഘ്യം നേടുന്ന ഏറ്റവും വലിയ കൂട്ടുകെട്ടാണ്.