നാണക്കേടിന്റെ റെക്കോർഡുകൾ എല്ലാം തലയിലായി ഇന്ത്യൻ ടീം : അപൂർവ്വ റെക്കോർഡുകൾ സ്വന്തമാക്കി ഇംഗ്ലണ്ട്

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 7 വിക്കറ്റിന്റെ ആധികാരിക ജയം. ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര 2-2 സമനിലയിൽ പിരിഞ്ഞു. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര എന്ന ഇന്ത്യയുടെ 15 വർഷത്തെ സ്വപ്നത്തിനാണ് ഇതോടെ തിരിച്ചടിയായത്. മാത്രമല്ല, ഇന്ത്യ ഉയർത്തിയ 378 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് പിന്തുടർന്നതോടെ, എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയം നിരവധി റെക്കോർഡുകൾക്കും വേദിയായി.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നാലാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. മാത്രമല്ല, ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റിൽ നാലാം ഇന്നിംഗ്സിൽ ഏതെങ്കിലും ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. നേരത്തെ, 2019-ൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 359 റൺസ് പിന്തുടർന്ന് ജയിച്ചതാണ് അവരുടെ ഇതുവരെയുള്ള റെക്കോർഡ്.

അതേസമയം, 1977-ൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ നാലാം ഇന്നിംഗ്സിൽ 339 റൺസ് പിന്തുടർന്ന് ജയിച്ചതായിരുന്നു, ഇതുവരെ ഒരു ടീം ഇന്ത്യക്കെതിരെ ചേസ് ചെയ്ത ഏറ്റവും ഉയർന്ന സ്കോർ. ഓസ്ട്രേലിയയുടെ പേരിൽ ഉണ്ടായിരുന്ന ഈ റെക്കോർഡും ഇംഗ്ലണ്ട് തകർത്തു കളഞ്ഞു. ഈ നാണക്കേടിന്റെ റെക്കോർഡിനൊപ്പം ഇന്ത്യയുടെ പേരിൽ മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി ചേർന്നു.

അതായത്, എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 132 റൺസിന്റെ ലീഡ് നേടിയിട്ട് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെ, പരാജയപ്പെട്ട മത്സരങ്ങളിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ഒന്നാം ഇന്നിംഗ്സ്‌ ലീഡായി ഇത്‌ മാറി. 2015-ൽ ശ്രീലങ്കക്കെതിരെ 192 റൺസിന്റെ ഒന്നാം ഇന്നിംഗ്സ്‌ നേടിയിട്ട് ഇന്ത്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.