അയർലാൻഡിന് എതിരെ ലക്ഷ്മൺ കോച്ചായി എത്തും 😱ദ്രാവിഡ്‌ ഇംഗ്ലണ്ടിലേക്ക് പറക്കും

ജൂൺ 26-ന് ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലക ചുമതല വിവിഎസ് ലക്ഷ്മൺ ഏറ്റെടുക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു. അതേസമയം, ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, ജൂലൈ 1-ന് ആരംഭിക്കുന്ന പുനഃക്രമീകരിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയുടെ സീനിയർ ടീമിനെ നിയന്ത്രിക്കും. ജൂൺ 19-ന് ബെംഗളൂരുവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര പൂർത്തിയാക്കിയ ശേഷമായിരിക്കും ദ്രാവിഡ്, ഇംഗ്ലണ്ടിലേക്ക് പറക്കുക.

ലക്ഷ്മൺ ഇന്ത്യൻ ടീമിനൊപ്പം ഡബ്ലിനിലേക്ക് പോകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നപ്പോൾ ശ്രീലങ്കയ്‌ക്കെതിരായ വൈറ്റ്-ബോൾ പരമ്പരയിൽ അന്നത്തെ നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻസി‌എ) തലവനായിരുന്ന ദ്രാവിഡ് പരിശീലകപദവി ഏറ്റെടുത്തതിന് സമാനമായ ഒരു ക്രമീകരണമാണ് ഇപ്പോഴും നടത്തിയിരിക്കുന്നത്.

മുൻ ഇന്ത്യൻ ബാറ്റർ വിവിഎസ് ലക്ഷ്മൺ, ഇപ്പോൾ ബെംഗളൂരുവിലെ എൻസിഎയിൽ ക്രിക്കറ്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്‌. എന്നാൽ, കോച്ചിംഗ് ഡിപ്പാർട്ട്‌മെന്റിൽ ലക്ഷ്മണിന് ധാരാളം അനുഭവപരിചയമുണ്ട്. ബെംഗളൂരുവിൽ എൻസിഎ ഡയറക്ടറായി സ്ഥാനമേൽക്കുന്നതിന് മുമ്പ്, ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലക റോളിലും, ബാറ്റിംഗ് കൺസൾട്ടന്റായി ഇന്ത്യൻ ആഭ്യന്തര ടീമായ ബംഗാളിനൊപ്പവും മുൻ ഇന്ത്യൻ ബാറ്റർ പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം കരീബിയനിൽ നടന്ന ലോകകപ്പ് ജേതാക്കളായ U-19 ടീമിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.

ഐപിഎൽ അവസാനിച്ചതിന് ശേഷം അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്ക ഇന്ത്യ സന്ദർശിക്കുന്ന സാഹചര്യത്തിൽ, പ്രോട്ടീസിനെതിരായ ടീമിനെ ബിസിസിഐ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ, ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ഉപയോഗിച്ച അതേ ടീമിനെ തന്നെ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കും ഉപയോഗിച്ചേക്കുമെന്ന് പറയപ്പെടുന്നു. രണ്ട് ടി20 മത്സരങ്ങളും ഡബ്ലിനിലാണ് നടക്കുക.