റെക്കോർഡുകളുടെ പെരുമഴ തീർത്ത് ഇന്ത്യൻ താരങ്ങൾ ; അശ്വിൻ മാന്ത്രികതയിൽ എരിഞ്ഞുപോയി എതിരാളികൾ

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഡേ-നൈറ്റ് പിങ്ക് ബോൾ ടെസ്റ്റിൽ ശ്രീലങ്കക്കെതിരെ 238 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യ, പരമ്പര 2-0 ന് തൂത്തുവാരി. രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി രണ്ട് ഇന്നിംഗ്സുകളിലും അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി. രണ്ട് ടെസ്റ്റ്‌ മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ആണ് പരമ്പരയിലെ താരം.

ബെംഗളൂരുവിൽ നേടിയ വിജയത്തോടെ, ഹോം ഗ്രൗണ്ടിലെ തുടർച്ചയായ 15-ാം ടെസ്റ്റ്‌ പരമ്പര നേട്ടം കൈവരിച്ച്, തങ്ങളുടെ പേരിലുള്ള റെക്കോർഡ് നേട്ടം ഉയർത്തിയിരിക്കുകയാണ് ഇന്ത്യ. കൂടാതെ, നിരവധി വ്യക്തിഗത നേട്ടങ്ങൾക്കും ശ്രീലങ്കൻ പരമ്പര കളമൊരുക്കി. ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റ രോഹിത് ശർമ്മയുടെ തുടർച്ചയായ 14-ാം ജയത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികൾ സാക്ഷ്യം വഹിച്ചത്.

മാത്രമല്ല, മുഴുനീള ക്യാപ്റ്റനായ ശേഷം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലെയും ആദ്യ പരമ്പര പരാജയമറിയാതെ തൂത്തുവാരിയ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടവും രോഹിത്തിനെ തേടിയെത്തി. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ ആദ്യമായി രോഹിത്തിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം 3-0 ത്തിന് പരമ്പര സ്വന്തമാക്കിയിരുന്നു, തുടർന്ന് ഈ വർഷം വെസ്റ്റ് ഇൻഡീസിനെതിരെ 3-0 ത്തിന് ഏകദിന പരമ്പരയും, ഇപ്പോൾ ശ്രീലങ്കക്കെതിരെ 2-0 ത്തിന് ടെസ്റ്റ്‌ പരമ്പരയും രോഹിത് ശർമ്മയുടെ നായകത്വത്തിൽ ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യ ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറായി ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ മാറി. 12 വിക്കറ്റുകളാണ് വെറ്റെറൻ സ്പിന്നർ സ്വന്തമാക്കിയത്. ഇതോടെ, പുരോഗമിക്കുന്ന വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ 100 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ബൗളർ എന്ന നേട്ടം അശ്വിന്റെ പേരിലായി. ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് (93) ആണ് പട്ടികയിൽ രണ്ടാമൻ.