“മാച്ച് മാച്ച് മാച്ച് “മാച്ചുകൾ ബഹളം!!2023-27 വർഷങ്ങളുടെ മത്സരക്രമം പുറത്തുവിട്ടു ഐസിസി

അടുത്ത നാല് വർഷത്തേക്കുള്ള ടീമുകളുടെ FTP (ഫ്യൂച്ചർ ടൂർസ് പ്രോഗ്രാം) സൈക്കിൾ കഴിഞ്ഞ ദിവസം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അനൗൺസ് ചെയ്യുകയുണ്ടായി. ഐസിസിയിലെ അംഗരാജ്യങ്ങൾ ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി എന്നീ വിഭാഗങ്ങളിൽ മത്സരിക്കുന്ന പരമ്പരകളുടെയും ചാമ്പ്യൻഷിപ്പുകളുടെയും പൂർണ്ണ വിവരങ്ങൾ അടങ്ങിയ മത്സരക്രമമാണിത്. ഓരോ നാല് വർഷത്തേക്കാണ് ഈ ലിസ്റ്റ് തയ്യാറാക്കുന്നത്. ഇപ്പോൾ ടീമുകൾ കളിക്കുന്നത് 2019-23 FTP സൈക്കിൾ പ്രകാരമുള്ള മത്സരങ്ങളാണ്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഷെഡ്യൂൾ പ്രകാരം 138 രാജ്യാന്തര മത്സരങ്ങളാണ് ഇന്ത്യ ഈ വരുന്ന നാല് വർഷംകൊണ്ട് കളിക്കേണ്ടത്. ഇതിൽ 38 ടെസ്റ്റുകളും 39 ഏകദിനങ്ങളും 61 ട്വന്റി ട്വന്റി മത്സരങ്ങളും ഉൾപ്പെടും. ഇത്തവണയും ഇന്ത്യ പാക്കിസ്ഥാൻ പരമ്പരകൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ട്വന്റി ട്വന്റി വന്നതോടെ പ്രസക്തി നഷ്ട്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന ഏകദിന പരമ്പരകൾ തുടരുമെന്നും എന്നാൽ കൂടിയത് 3 മത്സരങ്ങൾ ഉള്ള പരമ്പരകൾ മാത്രമേ ഇനി ഉണ്ടാവുകയുള്ളൂവെന്നും ഇതിൽനിന്ന് മനസ്സിലാക്കാം.

മൊത്തമായി നോക്കിയാൽ കഴിഞ്ഞ സൈക്കിളിലെ 694 രാജ്യാന്തര മത്സരങ്ങളെ അപേക്ഷിച്ച് കൂടുതൽ മത്സരങ്ങൾ (777) ടെസ്റ്റ് പദവിയുള്ള 12 അംഗരാജ്യങ്ങൾ ഈ സൈക്കിളിൽ കളിക്കുന്നുണ്ട്. ആകെ മൊത്തം 173 ടെസ്റ്റുകളും 281 ഏകദിനങ്ങളും 323 ട്വന്റി ട്വന്റി മത്സരങ്ങളും ഈ നാലുവർഷംകൊണ്ട് നടക്കും. ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക് കൂടുതൽ സമയം കൊടുത്തുകൊണ്ടുള്ള ഒരു ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്, ഈ പ്രത്യേക കാലയളവിൽ നാലു വർഷവും എടുത്ത് നോക്കിയാൽ രാജ്യാന്തര മത്സരങ്ങൾ നന്നേ കുറവാണ്.

മാത്രവുമല്ല, 2025ൽ ഐപിഎല്ലും പാക്കിസ്ഥാൻ സൂപ്പർ ലീഗും തമ്മിൽ ക്ലാഷ് വരാനും സാധ്യത കാണുന്നുണ്ട്. ഐപിഎല്ലിൽ കോടികൾ വാരുന്ന മിക്ക വിദേശ താരങ്ങളും PSL ടീമുകളുടെയും ഭാഗമാണ്. 2023 ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി വെസ്റ്റിൻഡീസ് പര്യടനം നടത്തുന്ന ഇന്ത്യൻ ടീം 3 ട്വന്റി ട്വന്റി മത്സരവും 2 വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും കളിക്കും. 2024 വർഷം ആരംഭത്തിൽ 5 മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലീഷ് ടീം ഇന്ത്യയിലെത്തും. പഴയ സൈക്കിൾ പ്രകാരമുള്ള നാല് ടെസ്റ്റിന്റെ പരമ്പര കളിക്കാനായി 2023 വർഷം ആരംഭത്തിൽ ഓസീസ് ടീം ഇന്ത്യയിലെത്തുകയും പുതിയ സൈക്കിൾ പ്രകാരമുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി 2024-25 ഡിസംബർ ജനുവരി മാസങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പോകുകയും ചെയ്യും.

Rate this post