തൂഫാനായി ഷമി…… കറക്കി വീഴ്ത്തി അശ്വിൻ….ഓസ്ട്രേലിയക്ക് ഭേദപെട്ട ടോട്ടൽ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഒരു തട്ടുപൊളിപ്പൻ പ്രകടനം ആവർത്തിച്ച് ഇന്ത്യൻ ബോളിഗ് നിര. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസീസിനെ കേവലം 263 റൺസിന് ഓൾഔട്ടാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ആദ്യ ടെസ്റ്റിലേതുപോലെതന്നെ അശ്വിൻ, ജഡേജ, ഷാമി എന്നിവരുടെ മികവാർന്ന ബോളിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ ആധിപത്യം നൽകിയത്.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിലെ പിഴവുകൾ ആവർത്തിക്കാതെയാണ് ഓസീസ് ആരംഭിച്ചത്. ഉസ്മാൻ ഖവാജാ ഓസീസിനായി നിറഞ്ഞാടി. എന്നാൽ അശ്വിൻ മത്സരത്തിലേക്ക് പ്രവേശിച്ചതോടെ ഓസീസിന്റെ ഒരു വശം തകരാൻ തുടങ്ങി. എന്നാൽ ഇന്ത്യൻ സ്പിന്നർമാർക്കെതിരെ ആക്രമണപരമായ സമീപനമായിരുന്നു ഖവാജ ഇന്നിങ്സിൽ സ്വീകരിച്ചത്. ഖവാജ 81 റൺസ് നേടുകയുണ്ടായി. ഇതായിരുന്നു ഉച്ചഭക്ഷണത്തിനു മുൻപ് ഓസിസിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.

ശേഷം ഹാൻസ്കോംബ് കൂടെ ക്രീസിൽ എത്തിയതോടെ ഓസ്ട്രേലിയൻ സ്കോർ 200 കടക്കുകയായിരുന്നു. ഹാൻസ്കോംബ് ഇന്നിംഗ്സിൽ 72 റൺസ് നേടുകയുണ്ടായി. ഇന്ത്യക്കായി പതിവുപോലെ ജഡേജയും അശ്വിനും ഷാമിയും മികവാർന്ന പ്രകടനങ്ങൾ തന്നെ കാഴ്ചവച്ചു. ഷാമി ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടിയപ്പോൾ, അശ്വിനും ജഡേജയും മൂന്ന് വിക്കറ്റുകൾ വീതം നേടി ഓസീസിന്റെ നട്ടെല്ലൊടിച്ചു.

ആദ്യ ഇന്നിങ്സിൽ 263 റൺസാണ് ഓസിസ് നേടിയിരിക്കുന്നത്. നാഗ്പൂർ ടെസ്റ്റിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ തരക്കേടില്ലാത്ത ബാറ്റിംഗ് തന്നെ ഓസ്ട്രേലിയ കാഴ്ചവെച്ചിട്ടുണ്ട്. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സമയം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ ഒരു തകർപ്പൻ ലീഡ് സ്വന്തമാക്കാനാണ് ശ്രമിക്കേണ്ടത്. ഇന്ത്യയെ സംബന്ധിച്ച് ഡൽഹി ടെസ്റ്റിലെ ഫലം വളരെയേറെ നിർണായകമാണ്.

4/5 - (1 vote)