അവൻ കളിച്ചിരുന്നേൽ ഇന്ത്യ ജയിച്ചേനെ!! രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ വെച്ച് നടന്ന ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ട്വന്റി ട്വന്റിയിൽ പ്ലെയിംഗ് ഇലവനിൽ ഇന്ത്യ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണും മുൻ ഇന്ത്യൻ പേസർ സഹീർ ഖാനും പറഞ്ഞു. യുസ്‌വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് പകരം രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, ഉമ്രാൻ മാലിക്, ശ്രേയസ് അയ്യർ എന്നിവരാണ് പ്ലെയിംഗ് ഇലവനിൽ വന്നത്. നാല് വലിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്.

ആദ്യ രണ്ട് ട്വന്റി ട്വന്റിയിൽ ഇംഗ്ലണ്ട് ഓപ്പണർമാരായ ജോസ് ബട്ട്‌ലർക്കും ജേസൺ റോയിക്കും തലവേദന ഉണ്ടാക്കിയ ഭുവനേശ്വർ കുമാറിനെയും പുറത്ത് ഇരുത്തിയതിൽ അവർ സന്തുഷ്ടരാണെന്ന് വോൺ പറഞ്ഞു. ഹാർദിക് പാണ്ഡ്യയെയും ഭുവനേശ്വർ കുമാറിനെയും പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭുവനേശ്വർ കുമാറിനെ നേരിടേണ്ടതില്ലാത്തതിനാൽ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ജേസൺ റോയിക്കും ജോസ് ബട്ട്‌ലർക്കും എളുപ്പത്തിൽ റൺസ് കണ്ടെത്താൻ കഴിയും. ഇത്രയും വലിയ മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങിയതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഒരു കളിക്കാരന്റെ കാഴ്ചപ്പാട് എന്ന നിലയിൽ അവർ കളിക്കണം, ഫോമിലായിരിക്കുമ്പോൾ കളിക്കാൻ അവർ ആഗ്രഹിക്കുന്നു. ഭുവിയും ഹർദികും മികച്ച ഫോമിലാണ് കളിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.

മുൻ ഇന്ത്യൻ പേസർ സഹീർ ഖാനും തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഭുവനേശ്വർ കുമാർ മൂന്നാം ട്വന്റിയിൽ കളിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭുവനേശ്വർ കുമാർ മികച്ച ഫോമിൽ നിൽകുമ്പോൾ ആ പ്രകടനങ്ങൾ തുടരാനാകുമെന്ന് എനിക്ക് തോന്നുന്നുണ്ട്. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം സ്ഥിരത പുലർത്താൻ കഴിയാത്ത ഒരാളാണ് അദ്ദേഹം. അവൻ സ്ഥിരമായി കളിക്കുന്നില്ല അതിനാൽ അവന് തന്റെ പ്രകടനങ്ങൾ പുറത്തെടുക്കാൻ കൂടുതൽ മത്സരങ്ങൾ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.