ആഘോഷത്തിന്റെ അതിര് കടന്ന് ധവാനും ഋഷഭ് പന്തും ; ഒടുവിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അപേക്ഷ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ഇന്നലെ (ജൂലൈ 17) ആഘോഷത്തിന്റെ ദിവസമായിരുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും കരുത്തരായ ഇംഗ്ലണ്ടിനെ, അവരുടെ നാട്ടിൽ വെച്ച് തന്നെ ടെസ്റ്റ്‌ പരമ്പര സമനിലയിലാക്കുകയും, പിന്നാലെ നടന്ന ടി20, ഏകദിന പരമ്പരകൾ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഞായറാഴ്ച (ജൂലൈ 17) നടന്ന അവസാന ഏകദിന മത്സരം ജയിച്ചതോടെ, ഇന്ത്യ 2-1 ന് ഏകദിന പരമ്പര സ്വന്തമാക്കി.

എല്ലാ ഇന്ത്യൻ താരങ്ങളും ഇത്‌ ആഘോഷമാക്കുകയും ചെയ്തു. എന്നാൽ, കൂട്ടത്തിൽ ശിഖർ ധവാൻ, ഷാർദുൽ താക്കൂർ, ഋഷഭ് പന്ത് എന്നിവരുടെ ആഘോഷ പ്രകടനം മറ്റുള്ളവരേക്കാൾ കൂടുതൽ ഭ്രാന്തമായിരുന്നു. മത്സരശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ സംസാരിച്ചതിന് ശേഷം, ഏകദിന ട്രോഫിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിന്റെ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാനായി പോഡിയത്തിൽ കയറി നിൽക്കുകയായിരുന്നു.

എന്നാൽ, ശിഖർ ധവാനും ഷാർദുൽ താക്കൂറും ഓരോ ഷാംപയിൻ കുപ്പിയുമായി എത്തി തങ്ങളുടെ ക്യാപ്റ്റന് നേരെ ചീ റ്റി. ധവാൻ പിറകിൽ നിന്നും, ഷാർദുൽ വലത് വശത്ത് നിന്നും വന്നതോടെ, രോഹിത്തിന് അതിൽ നിന്ന് ഓടി മാറാനും സാധിച്ചില്ല. എന്നിരുന്നാലും, രോഹിത് പോഡിയത്തിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു, അപ്പോൾ ധവാനും ഷാർദുലിനും ഒപ്പം ചേർന്ന് ഋഷഭ് പന്ത് ഒരു കുപ്പി ഷാംപയിനുമായി എത്തി രോഹിത്തിനെ പിന്തുടർന്നു.

ശേഷം രോഹിത് എല്ലാവരോടും ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാൻ പോസ് ചെയ്യാൻ അപേക്ഷിച്ചു. എന്നാൽ, അപ്പോഴും ഋഷഭ് പന്ത് തന്റെ പ്രവർത്തി നിർത്തിയില്ല. ഒടുവിൽ, ഗ്രൂപ്പ്‌ ഫോട്ടോ എടുത്തതിന് പിന്നാലെ വിരാട് കോഹ്‌ലി ഒരു കുപ്പി ഷാംപയിനുമായി പിറകിൽ നിന്ന് വന്ന് ശിഖർ ധവാന് നേരെ ചീറ്റി. ധവാൻ ഓടിയെങ്കിലും, കോഹ്‌ലി ധവാനെ പിന്തുടരുകയായിരുന്നു. ഇന്ത്യയുടെ പരമ്പരാഗത രീതി അനുസരിച്ച്, ഏകദിന കോൾ-അപ്പ് ലഭിച്ച അർഷദീപ് സിംഗ് ആണ് ഗ്രൂപ്പ്‌ ഫോട്ടോയിൽ ട്രോഫി കൈവശം വെച്ചത്.