റെക്കോർഡുകൾ ചാക്കിലക്കാൻ രോഹിത്തും ടീമും!! കോഹ്ലിക്കും ശിഖർ ധവാനും നേട്ടങ്ങൾ മുൻപിൽ

മാറ്റിവെച്ച ടെസ്റ്റ്‌ മത്സരത്തിനും, ടി20 പരമ്പരക്കും ശേഷം ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് (ജൂലൈ 12) തുടക്കം ആവുകയാണ്. ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ ആണ് ആദ്യ മത്സരം നടക്കുന്നത്. ശേഷിക്കുന്ന മത്സരങ്ങൾ യഥാക്രമം 14, 17 തീയതികളിൽ ലോർഡ്‌സിലും ഓൾഡ് ട്രാഫോർഡിലും നടക്കും. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആദ്യ ഏകദിനത്തിന് മുന്നോടിയായി നമുക്ക് ചില പ്രധാന സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാം.

മത്സരത്തിൽ ചില അപൂർവ്വ റെക്കോർഡുകൾ രണ്ട് ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നുണ്ട്.മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ (9378) മറികടന്ന് ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ താരമാകാൻ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് (9283) 96 റൺസ് വേണം. ഇന്ന് രോഹിത്തിന് 96 റൺസ് നേടാനായാൽ, രോഹിത് അസ്ഹറുദ്ദീനെ മറികടക്കും. അതേസമയം, ഏകദിനത്തിൽ 850 ഫോറുകൾ തികയ്ക്കാൻ രോഹിത്തിന് (845) ഇനി വേണ്ടത് അഞ്ച് ഫോറുകൾ മാത്രമാണ്.

ഇതും ഇന്നത്തെ മത്സരത്തിലെ മറികടന്നേക്കാം. മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന് (491) ഏകദിന ഫോർമാറ്റിൽ 500 ഫോറുകൾ എന്ന നാഴികക്കല്ല് തികയ്ക്കാൻ ഇനി ഒമ്പത് ബൗണ്ടറികൾ ആവശ്യമാണ്.ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ (299) ഫോർമാറ്റുകളിലുടനീളം 300 മത്സരങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന് ഇന്നത്തെ മത്സരം വേദിയാവും. അതേസമയം, ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്റെ (149) 150-ാം ഏകദിന മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ (947) ഏകദിന ഫോർമാറ്റിൽ 1000 റൺസ് എന്ന നാഴികക്കല്ലിൽ എത്താൻ 53 റൺസ് അകലെയാണ്. അതോടൊപ്പം, ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോയ്ക്ക് (3498) ഏകദിനത്തിൽ 3500 റൺസ് തികയ്ക്കാൻ രണ്ട് റൺസ് മാത്രമാണ് ആവശ്യം.

ഏകദിനത്തിൽ 150 സിക്സറുകൾ തികയ്ക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ട്ലറിന് (144) ആറ് സിക്സറുകൾ ആവശ്യമാണ്. അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിതിന് (245) 50 ഓവർ ഫോർമാറ്റിൽ 250 സിക്സർ നേടണമെങ്കിൽ അഞ്ച് സിക്സറുകൾ കൂടി വേണം. ഏകദിനത്തിൽ 50 സിക്സുകൾ എന്ന നാഴികക്കല്ല് സ്വന്തമാക്കാൻ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് (49) ഒരു സിക്സ് ആവശ്യമാണ്. മാത്രമല്ല, ജഡേജയ്ക്ക് (46) എവേ ഏകദിനത്തിൽ 50 വിക്കറ്റ് നേടണമെങ്കിൽ ഇനി നാല് വിക്കറ്റ് വേണം.