ഇന്ത്യയെ നേരിടാൻ പുത്തൻ അടവുമായി ദക്ഷിണാഫ്രിക്ക ; സന്ദർശക ടീമിന് സഹായത്തിനായി 14-കാരൻ ഇന്ത്യൻ സ്പിന്നറും

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരം ജൂൺ 9-ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും. ഇപ്പോൾ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി ഇരു ടീമുകളും കടുത്ത പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയ ഇന്ത്യൻ ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലാണ് നയിക്കുന്നത്. ഏതുവിധേനയും ഇന്ത്യയെ പരാജയപ്പെടുത്തുക എന്നുതന്നെയാണ് സന്ദർശക ടീം ലക്ഷ്യമിടുന്നത്.

ഇന്ത്യൻ പിച്ചുകൾ പൊതുവേ സ്പിന്നർമാരെ തുണക്കുന്നതാണ് എന്ന് വിദേശ ടീമുകൾക്ക് അറിയാം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സീനിയർ സ്പിന്നർമാരായ യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടുതന്നെ ഇത് ദക്ഷിണാഫ്രിക്കക്ക് കനത്ത വെല്ലുവിളിയാകും എന്ന് ദക്ഷിണാഫ്രിക്കൻ ടീം മാനേജ്മെന്റ് മുൻകൂട്ടി മനസ്സിലാക്കിയിരിക്കുകയാണ്. ഈ വെല്ലുവിളി മറികടക്കുന്നതിനായി പുതിയ ഒരു തന്ത്രം പ്രയോഗിച്ചിരിക്കുകയാണ് ഭക്ഷിണാഫ്രിക്ക.

ഇപ്പോൾ, 14 കാരനായ ഇന്ത്യൻ ക്രിക്കറ്റ് താരം റൗണക് വഗേലയെ സന്ദർശക സംഘം അവരോടൊപ്പം ചേർത്തിരിക്കുകയാണ്. ഡൽഹി ക്രിക്കറ്റിൽ പല തലങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് റൗണക്ക്. ആഫ്രിക്കൻ ടീം വഗേലയെ നെറ്റ് ബൗളറായിയാണ്‌ ഒപ്പം കൂട്ടിയിരിക്കുന്നത്. ഇന്ത്യൻ സ്പിൻ ആക്രമണത്തെ നേരിടുന്നതിന് മുമ്പ് തങ്ങളുടെ ബാറ്റർമാർ നെറ്റ്സിൽ സ്പിൻ ബൗളിംഗിനെതിരെ നന്നായി പരിശീലിക്കണമെന്നാണ് ടീമിന്റെ ലക്ഷ്യം.

കുൽദീപ് യാദവിന്റെ സ്റ്റൈലിൽ പന്തെറിയുന്ന ഇടങ്കയ്യൻ സ്പിൻ ബൗളറാണ് റൗണക്. ഇന്ത്യൻ ടീമിലെ ഏക ഇടംകൈ സ്പിന്നർ കൂടിയാണ് കുൽദീപ് യാദവ്. കുറച്ച് കാലം മുമ്പ്, ആഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ കുൽദീപ് യാദവ് തന്റെ ടീമിന് ഭീഷണിയാണെന്ന് തുറന്നു പറഞ്ഞിരുന്നു. അതിനാൽ ഇപ്പോൾ ആഫ്രിക്കൻ ബാറ്റർമാരെ നെറ്റ്സിൽ ഇടങ്കയ്യൻ സ്പിന്നർമാരെ എങ്ങനെ നേരിടണമെന്ന് പരിശീലിപ്പിക്കുകയാണ് റൗണക്ക്. ഈ നേട്ടത്തെക്കുറിച്ച്, രാജ്യാന്തര താരങ്ങൾക്ക് പന്തെറിയുന്നത് ഭാഗ്യമാണെന്ന് റൗണക് പറയുന്നു. ഈ അനുഭവം എന്നെന്നേക്കുമായി നിലനിർത്താൻ താൻ ആഗ്രഹിക്കുന്നു എന്നും റൗണക് പറഞ്ഞു.