കോഹ്ലിയും രോഹിത്തും ഒന്നുമില്ലാത്ത ലോകക്കപ്പ് ടീം!!!!ആകാശ് ചോപ്രയുടെ ഷോക്കിംഗ് ടീം

ഇന്ത്യയുടെ ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റ് പൂരത്തിന് ആവേശകരമായ അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് മഹാമേളയുടെ ആരംഭമാണ്. ഈ വർഷം നടക്കാനിരിക്കുന്ന ഏറ്റവും പ്രധാനമായ ടൂർണമെന്റാണ് ഐസിസി ടി20 വേൾഡ് കപ്പ്. മേജർ ടൂർണമെന്റിനായി ആറുമാസം മാത്രം ശേഷിക്കെ ഇന്ത്യൻ ടീം വലിയ സന്നാഹങ്ങളും ഒരുക്കങ്ങളും നടത്താൻ തയ്യാറെടുക്കുകയാണ്. ടി20 ലോകകപ്പിന് മുന്നോടിയായി നിരവധി പരമ്പരകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് വൈകുമെന്ന് ഉറപ്പാണ്.

എന്നാൽ, ഇപ്പോൾ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര തന്റെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ചോപ്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം തന്റെ സാധ്യത ടീമിനെ പ്രഖ്യാപിച്ചത്. എന്നാൽ, ചോപ്രയുടെ ടീം പ്രഖ്യാപനം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. കാരണം, ഇന്ത്യൻ ടീമിലെ ബിഗ് ഗണ്ണുകളായ വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങളെയെല്ലാം സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയാണ് ചോപ്ര ടീം പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അവസാനിച്ച ഐപിഎൽ ടൂർണമെന്റിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ചോപ്ര ടീം തിരഞ്ഞെടുത്തിരിക്കുന്നത്. ഓപ്പണർമാരായി കെഎൽ രാഹുലിനെയും ഇഷാൻ കിഷനെയും തിരഞ്ഞെടുത്ത ചോപ്ര, രാഹുലിന് 17 ഓവർ വരെ കളിക്കാനുള്ള കെൽപ്പുണ്ട് എന്നും പറഞ്ഞു. ഇലവനിലെ മൂന്നാം നമ്പറിൽ രാഹുൽ ട്രിപാതിയും മധ്യനിരക്ക് കരുത്ത് പകരാൻ നാലാം നമ്പറിൽ സൂര്യകുമാർ യാദവും ചോപ്രയുടെ ടീമിൽ ഇടം നേടി. അഞ്ചാം നമ്പറിൽ എത്തുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ്‌ ടീമിന്റെ ക്യാപ്റ്റൻ.

ഫിനിഷറുടെ റോളിൽ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ആറാമനായപ്പോൾ, ഓൾറൗണ്ടർ ക്രുനാൾ പാണ്ഡ്യ ഇലവനിൽ ഏഴാം നമ്പറിലെത്തി. യുസ്വേന്ദ്ര ചഹൽ ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നർ ആയപ്പോൾ, പേസർമാരായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഹർഷ പട്ടേൽ എന്നിവർ ടീമിൽ ഇടം പിടിച്ചു. സഞ്ജു സാംസൺ, കുൽദീപ് യാദവ്, ദീപക് ഹൂഡ, ആവേശ് ഖാൻ, ദീപക് ഹൂഡ എന്നിവർ ചോപ്രയുടെ ടീമിലെ പകരക്കാറാവും.