വീരുവും ടീമിൽ നയിക്കാൻ ദാദ!! ഗിബ്സും കാലിസും എതിർ ടീമിൽ :സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കും

വരുന്ന ഓഗസ്റ്റ് 15ന് ഇന്ത്യ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി, വിരമിച്ച ക്രിക്കറ്റ്‌ താരങ്ങളെ പങ്കെടുപ്പിച്ച് ഒരു ഐതിഹാസിക ക്രിക്കറ്റ് മത്സരം നടത്താൻ ഒരുങ്ങുകയാണ് ബിസിസിഐ. സെപ്റ്റംബർ 12-ന് ഈഡൻ ഗാർഡൻസിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യൻ ടീം നേരിടുന്നത് റസ്റ്റ് ഓഫ് വേൾഡിനെയാണ്.

നേരത്തെ, നിലവിലെ ഇന്ത്യൻ ടീമും റസ്റ്റ്‌ ഓഫ് വേൾഡും തമ്മിൽ ഒരു മത്സരം നടത്താൻ സർക്കാർ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിന്റെ തിരക്കേറിയ മത്സരക്രമം കാരണം ഈ മത്സരം നടത്താൻ സാധിച്ചില്ല. തുടർന്നാണ്, ഇടപെട്ട് വിരമിച്ച താരങ്ങളുടെ ഐതിഹാസിക മത്സരത്തിന് അരങ്ങൊരുക്കിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിൽ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി ആയിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക.

വിരേന്ദർ സെവാഗ്, മുഹമ്മദ്‌ കൈഫ്‌, യൂസുഫ് പത്താൻ, ഇർഫാൻ പത്താൻ, ഹർഭജൻ സിംഗ് തുടങ്ങിയ ഇതിഹാസതാരങ്ങൾ എല്ലാം ഇന്ത്യൻ ടീമിൽ അണിനിരക്കും. അതേസമയം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മത്സരത്തിൽ പങ്കെടുക്കില്ല. എന്നാൽ മലയാളി ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്ത എന്തെന്നാൽ, മുൻ ഇന്ത്യൻ താരമായ മലയാളി പേസർ എസ് ശ്രീശാന്തും ഐതിഹാസിക മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാവും. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ ആയിരിക്കും റസ്റ്റ് ഓഫ് വേൾഡ് ടീമിനെ നയിക്കുക.

ഇന്ത്യ : സൗരവ് ഗാംഗുലി (ക്യാപ്റ്റൻ) വീരേന്ദർ സവാദ്, മുഹമ്മദ് കൈഫ്, യൂസഫ് പത്താൻ, സുബ്രഹ്മണ്യ ബദ്രിനാഥ്, ഇർഫാൻ പത്താൻ, പാർഥിവ് പട്ടേൽ, സ്റ്റുവർട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹർഭജൻ സിംഗ്, പ്രഖ്യാൻ ഓജ, അജയ് ജഡേജ, ആർപി സിംഗ്, ജോഗിന്ദർ ശർമ, രിതീന്ദർ സിംഗ് സോധി

റസ്റ്റ്‌ ഓഫ് വേൾഡ് : ഓയിൻ മോർഗൻ (ക്യാപ്റ്റൻ), ലിണ്ടൽ സിമ്മൻസ്, ഹെർഷൽ ഗിബ്സ്, ജാക്സ്‌ കാലീസ്, സനത് ജയസൂര്യ, മാറ്റ് പ്രിയർ, ജോണ്ടി റോഡ്സ്‌, മുത്തയ്യ മുരളീധരൻ, ഡെയിൽ സ്റ്റെയിൻ, ഹാമിൽട്ടൻ മസാകഡ്സ, മഷറഫെ മോർത്താസ, അസ്ഹർ അഫ്‌ഘാൻ, മിച്ചൽ ജോൺസൺ, ബ്രെറ്റ് ലീ, കെവിൻ ഒബ്രെയിൻ, ദിനേശ് രാംദിൻ.