പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനത്തിൽ വൻ ഇടിവ്…… ഇന്ത്യക്ക് മുന്നേറ്റം

നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ വമ്പൻ വിജയം നേടിയതിന് പിന്നാലെ, ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021-2023 പോയിന്റ് പട്ടികയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ, ഒരു ഇന്നിംഗ്സിന്റെയും 132 റൺസിന്റെയും വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഇതോടെ, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ, ഇന്ത്യയുടെ വിജയശതമാനത്തിൽ വലിയ വർദ്ധനവ് സംഭവിച്ചു.

ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നേ, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ, ഓസ്‌ട്രേലിയ 75.56 വിജയശതമാനവുമായി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും 58.93 വിജയശതമാനവുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുമായിരുന്നു. എന്നാൽ, ഇന്ത്യയ്ക്കെതിരെ കനത്ത പരാജയം വഴങ്ങിയതിന് പിന്നാലെ, ഓസ്ട്രേലിയയുടെ വിജയശതമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നാഗ്പൂർ ടെസ്റ്റിലെ പരാജയത്തോടെ 5 ശതമാനത്തിന്റെ കുറവാണ് ഓസ്ട്രേലിയയുടെ പിസിടിയിൽ സംഭവിച്ചിരിക്കുന്നത്.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഓസ്ട്രേലിയക്ക് നിലവിൽ, 70.83 വിജയശതമാനം ആണ് ഉള്ളത്. 16 കളികളിൽ നിന്ന് 10 മത്സരങ്ങൾ ഓസ്ട്രേലിയ വിജയിച്ചപ്പോൾ, 4 മത്സരങ്ങൾ സമനിലയിൽ പിരിയുകയും രണ്ട് മത്സരങ്ങളിൽ പരാജയം നേരിടുകയും ചെയ്തു. 2022 ജൂലൈയിൽ ശ്രീലങ്കയോട് പരാജയപ്പെട്ടതിനു ശേഷം, ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ടെസ്റ്റ് ഫോർമാറ്റിൽ ഓസ്ട്രേലിയ പരാജയം നേരിടുന്നത്.

അതേസമയം, ഒന്നാം മത്സരത്തിൽ വിജയിച്ച ഇന്ത്യയുടെ പോയിന്റ് ശതമാനം 61.67 എന്ന നിലയിലേക്ക് ഉയർന്നു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ഇന്ത്യ, 15 കളികളിൽ നിന്ന് 9 വിജയങ്ങളും രണ്ട് സമനിലയും നേടിയിട്ടുണ്ട്. 4 മത്സരങ്ങളിൽ പരാജയം ആയിരുന്നു ഫലം. 10 മത്സരങ്ങളിൽ നിന്ന് 5 വിജയങ്ങളും ഒരു സമനിലയും നാല് പരാജയങ്ങളും ഉൾപ്പെടെ, 53.33 വിജയശതമാനത്തോടെ ശ്രീലങ്കയാണ് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്.

4.3/5 - (6 votes)