ഇനി ഇന്ത്യക്ക് പേടിക്കാൻ ഒന്നുല്ല… ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ പറന്ന് ഇന്ത്യൻ സംഘം
ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ മികവാർന്ന വിജയം നേടിയതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾക്ക് വലിയ ഉണർവാണ് വന്നിരിക്കുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കേവലം രണ്ടു മത്സരങ്ങൾ കൂടെ അവശേഷിക്കുന്ന സാഹചര്യത്തിൽ ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ തൊട്ടടുത്ത് ഇന്ത്യ എത്തിക്കഴിഞ്ഞു. ഡൽഹി ടെസ്റ്റിലെ വമ്പൻ വിജയം തന്നെയാണ് ഇന്ത്യയെ ഫൈനലിന് അടുത്തെത്തിച്ചത്. ഡൽഹി ടെസ്റ്റിലൂടെ ഇന്ത്യക്ക് ലഭിച്ച മെച്ചങ്ങൾ നമുക്ക് നോക്കാം.
ഡൽഹി ടെസ്റ്റിൽ വിജയിച്ചതോടുകൂടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ്സ് ടേബിളിൽ ഇന്ത്യ തങ്ങളുടെ രണ്ടാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഡൽഹി ടെസ്റ്റിന് തൊട്ടുമുൻപ് 61.6% ആയിരുന്നു ഇന്ത്യയുടെ പോയിന്റ്. എന്നാൽ ഈ വിജയത്തോടുകൂടി 64.06% ത്തിലേക്ക് പോയിന്റ് വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല 70.83% നിന്നിരുന്ന ഓസ്ട്രേലിയ ഈ പരാജയത്തോടെ 66.67%ലേക്ക് പോവുകയും ചെയ്തു. നിലവിൽ കേവലം 2.5 %ന്റെ പോയിന്റ് ഗ്യാപ്പ് മാത്രമാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളത്.
മാത്രമല്ല ഈ വിജയത്തോടെ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയും മൂന്നാം സ്ഥാനത്തു നിൽക്കുന്ന ശ്രീലങ്കയും തമ്മിലുള്ള അന്തരം 10% ആയിട്ട് വർദ്ധിച്ചിട്ടുണ്ട്. അതിനാൽ തന്നെ അടുത്ത രണ്ട് ടെസ്റ്റുകൾ വിജയിക്കാനായാൽ ഇന്ത്യക്ക് മറ്റൊരു റിസൾട്ടുകൾ ഒന്നും ആശ്രയിക്കാതെ ഫൈനലിൽ എത്താൻ സാധിക്കും. മറ്റൊരു പ്രധാനപ്പെട്ട കാര്യം അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളിലും പരാജയപ്പെട്ടാലും ഇന്ത്യക്കും ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കും എന്നതാണ്. പക്ഷേ ന്യൂസിലാൻഡിനേതിരായ ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്ക 2-0ന് വിജയിക്കരുത് എന്ന് മാത്രം.
എന്നിരുന്നാലും നിലവിലെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ അടുത്ത രണ്ടു മത്സരങ്ങളിൽ ഇന്ത്യ വിജയം നേടിയാലും അത്ഭുതമായി കാണാൻ സാധിക്കില്ല. നായകൻ രോഹിത്തിന്റെ നേതൃത്വത്തിൽ അത്ര മികച്ച പ്രകടനങ്ങളാണ് ഇന്ത്യ നടത്തുന്നത്. മാർച്ച് ഒന്നിനാണ് ഇന്ത്യയുടെ ഓസീസിനെതിരായ മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്.