അണ്ടർ 19 വനിതാ ലോകകപ്പിന്റെ ഫൈനലിലേക്ക് അധിനിവേശം നടത്തി ഇന്ത്യൻ പെൺപുലികൾ. ന്യൂസിലാൻഡിനെതിരായ സെമി പോരാട്ടത്തിൽ എട്ട് വിക്കറ്റിന്റെ രാജകീയ വിജയം നേടിയാണ് ഇന്ത്യൻ വനിത ടീം ഫൈനലിൽ എത്തിയത്. ബോളിങ്ങിൽ പർശവി ചോപ്ര മൂന്നു വിക്കറ്റുകൾ വീഴ്ത്തി നിറഞ്ഞാടിയപ്പോൾ, ബാറ്റിംഗിൽ ശ്വേതാ സെറാവത്തിന്റെ മാസ്മരിക ഷോ തന്നെയായിരുന്നു മത്സരത്തിൽ കാണാൻ സാധിച്ചത്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന തുടക്കം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചത്. ന്യൂസിലാൻഡ് ഓപ്പണർമാരെ തുടക്കത്തിലെ പുറത്താക്കി ഇന്ത്യ ആധിപത്യം സ്ഥാപിച്ചു. ശേഷം കൃത്യമായി ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്താനും ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ഇന്ത്യക്കായി നിശ്ചിത 4 ഓവറുകളിൽ 20 റൺസ് മാത്രം വിട്ടുനൽകി പർശവി ചോപ്ര മൂന്നു വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. മറ്റു ബോളർമാരും മാന്യമായ പ്രകടനം കാഴ്ചവച്ചതോടെ ന്യൂസിലാൻഡ് സ്കോർ 107ൽ ഒതുങ്ങി.

മറുപടി ബാറ്റിംഗിൽ നായിക ഷഫാലീ വർമ്മയെ(10) ഇന്ത്യക്ക് തുടക്കത്തിലെ തന്നെ നഷ്ടമായി. എന്നാൽ മറ്റൊരു ഓപ്പണറായ ശ്വേതാ സെറാവത്ത് ന്യൂസിലാൻഡ് ബോളിങ്ങിന് മുൻപിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചു. മത്സരത്തിൽ 45 പന്തുകളിൽ 61 റൺസാണ് സെറാവത്ത് നേടിയത്. രണ്ടാം വിക്കറ്റിൽ 62 റൺസിന്റെ കിടിലൻ കൂട്ടുകെട്ട് സെറാവത്ത് സൗമ്യ തിവാരിക്കൊപ്പം(22) നേടുകയുണ്ടായി. മത്സരത്തിൽ 34 പന്തുകൾ ശേഷിക്കേ എട്ടു വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം കണ്ടത്.
ഇതോടെ ഇന്ത്യ അണ്ടർ 19 വനിതാ ലോകകപ്പിന്റെ ഫൈനലിലേക്ക് കടന്നിട്ടുണ്ട്. ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തിലെ വിജയിയാവും ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ആവുക. ഈ മാസം 29നാണ് ഫൈനൽ നടക്കുക.