ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യയുടെ പ്രകടനങ്ങൾ ( 1958 -2018 ) ഭാഗം 1

ഏഷ്യൻ ഗെയിംസിൽ ആദ്യമായി വോളീബോൾ മത്സരങ്ങൾ ആരംഭിക്കുന്നത് 1958 ലെ ടോക്കിയോ ഏഷ്യൻ ഗെയിംസിലാണ്. വനിതാ മത്സരങ്ങൾ ആരംഭിക്കുന്നത് 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിലുമാണ്. ഇതുവരെ വോളിബോളിൽ ഇന്ത്യ മൂന്ന് മെഡലുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിലെ മുൻ കാല പ്രകടനങ്ങൾ പരിശോധിക്കാം.


1958 ടോക്കിയോ ഏഷ്യൻ ഗെയിംസ്
വോളീബോൾ ആദ്യമായി ആരംഭിച്ചത് 1958 ലെ ഏഷ്യൻ ഗെയിംസിലാണ്. അഞ്ചു രാജ്യങ്ങളാണ് ഈ ഗെയിംസിൽ പങ്കെടുത്തത്. ആദ്യ മത്സരത്തിൽ ഹോങ് കൊങ്ങിനെ 3 -0 പരാജയപ്പെടുത്തി തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഇറാനോട് പരാജയപെട്ടു. മൂന്നാം മത്സരത്തിൽ ഫിലിപ്പീൻസിനോട് വിജയിച്ചെങ്കിലും നാലാം മത്സരത്തിൽ ജപ്പാനോട് 3 -1 നോട് പരാജയപെട്ടു. നാലിൽ നാലു മല്സരവും ജയിച്ച ജപ്പാൻ ഗോൾഡും, ഇറാൻ വെള്ളിയും ,ഇന്ത്യ വെങ്കലവും നേടി.


1962 ജക്കാർത്ത ഏഷ്യൻ ഗെയിംസ്
1962 ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 9 ടീമുകൾ പങ്കെടുത്തു. മ്യാന്മാർ , കംബോഡിയ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ മത്സരിച്ചത് . ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യഅടുത്ത റൗണ്ടിൽ പാകിസ്ഥാൻ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ബർമ എന്നിവയെ പരാജയപ്പെടുത്തിയെങ്കിലും ജപ്പാനോട് പൊരുതിയെങ്കിലും 3 -2 എന്ന സ്കോറിന് പരാജയപ്പെട്ടു. തുടർച്ചയായ രണ്ടാം ഗെയിംസിലും ജപ്പാൻ സ്വർണം നേടിയപ്പോൾ ഇന്ത്യ വെള്ളിമെഡൽ നേടി.


1966 ബാങ്കോക്ക് ഏഷ്യൻ ഗെയിംസ്
1966 ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 12 രാജ്യങ്ങൾ പങ്കെടുത്തു. തായ്‌ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ എന്നിവയ്‌ക്കൊപ്പം ഇന്ത്യ പൂൾ എയിൽ സ്ഥാനം പിടിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയിക്കുകയും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു. അടുത്ത റൗണ്ടിൽ ഇന്ത്യ ഇന്തോനേഷ്യയെയും തായ്‌ലൻഡിനെയും തോൽപ്പിച്ചെങ്കിലും ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ എന്നിവരോട് പരാജയപ്പെട്ടു, 1966 ലെ ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി. തുടർച്ചയായ മൂന്നാം ഗെയിംസിലും ജപ്പാൻ സ്വർണം നേടി.


1974 ടെഹ്‌റാൻ ഏഷ്യൻ ഗെയിംസ്
1974 ടെഹെറാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 8 രാജ്യങ്ങൾ പങ്കെടുത്തു. ജപ്പാൻ, ചൈന, ഫിലിപ്പീൻസ് എന്നിവയുമായി പൂൾ എയിൽ ആയിരുന്നു ഇന്ത്യയുടെ സ്ഥാനം . ജപ്പാനോടും ചൈനയോടും പരാജയപ്പെട്ട ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി.ക്ലാസ്സിഫിക്കേഷൻ റൗണ്ടിൽ ഇന്ത്യ കുവൈത്തിനെയും ഫിലിപ്പൈൻസിനെയും പരാജയപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. തുടർച്ചയായ അഞ്ചാം ഗെയിംസിലും ജപ്പാൻ സ്വർണം കരസ്ഥമാക്കി.


1978 ബാങ്കോക്ക് ഏഷ്യൻ ഗെയിംസ്
ഇതുവരെയുള്ള ഏഷ്യൻ ഗെയിംസിലെ ഏറ്റവും മോശം പ്രകടനമാണ് 1978 ൽ ബാങ്കോക്കിൽ കണ്ടത്. 15 രാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കൊറിയയും ചൈനയും ഉൾപ്പെടുന്ന ഗ്രൂപ്പ് സി യിൽ ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ചൈനയോടും ,കൊറിയയോടും പരാജയപ്പെട്ട ഇന്ത്യ സൗദിയേയും ,ബഹ്റൈനെയും,യു എ ഇ യും പരാജയപ്പെടുത്തി ക്ലാസ്സിഫിക്കേഷൻ റൗണ്ടിൽ ഏഴാം സ്ഥാനം നേടി. അഞ്ചു വർഷത്തെ ജപ്പാന്റെ കുതിപ്പ് അവസാനിപ്പിച്ചു കൊറിയ ആദ്യമായി സ്വർണം നേടി.


1982 ന്യൂ ഡൽഹി ഏഷ്യൻ ഗെയിംസ്
15 രാജ്യങ്ങൾ പങ്കെടുത്ത 1982 ഡൽഹി ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‍തത്. ആദ്യ റൗണ്ടിൽ ബംഗ്ലാദേശിനെയും, ഇന്തോനേഷ്യയെയും, സൗദിയേയും പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ച ഇന്ത്യ രണ്ടാം റൗണ്ടിൽ കൊറിയ ,ചൈന, ജപ്പാനോടും പരാജയപെട്ട ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷം ജപ്പാൻ സ്വർണം നേടി.


1986 സോൾ ഏഷ്യൻ ഗെയിംസ്
1986 ൽ സിയോളിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 12 രാജ്യങ്ങൾ പങ്കെടുത്തു. ദക്ഷിണ കൊറിയ, സൗദി അറേബ്യ, ബഹ്‌റൈൻ, ഇന്തോനേഷ്യ, ഹോങ്കോംഗ് എന്നിവയ്‌ക്കൊപ്പം പൂൾ എയിൽ ഇന്ത്യയെ ഉൾപ്പെടുത്തി. ദക്ഷിണ കൊറിയയെക്കൊപ്പം 9 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെത്തിൽ നിന്നും അവസാന റൗണ്ടിലേക്ക് യോഗ്യത നേടി. അവസാന റൗണ്ടിൽ ഇന്ത്യ ദക്ഷിണ കൊറിയയോടും ചൈനയോടും തോറ്റു, പക്ഷേ ജപ്പാനെ പരാജയപ്പെടുത്തി 1986 ഏഷ്യൻ ഗെയിംസ് വോളിബോളിൽ വെങ്കല മെഡൽ ഉറപ്പിച്ചു. ചൈന ആദ്യമായി ഏഷ്യൻ ഗെയിംസ് വോളിബാളിൽ സ്വർണം സ്വന്തമാക്കി.