ഒന്നാം ഇന്നിങ്സിൽ അശ്വിൻ – കുൽദീപ് യാദവ് കൂട്ടുകെട്ടിന്റെ ചെറുത്ത്നിൽപ്പ് ഇന്ത്യൻ ടോട്ടൽ 400 കടത്തി

ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ കെഎൽ രാഹുലും (22), ശുഭ്മാൻ ഗില്ലും (20) നേരത്തെ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയായെങ്കിലും, മൂന്നാമതായി ക്രീസിൽ എത്തിയ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റർ ചെതേശ്വർ പൂജാര (90) പിടിച്ചുനിന്നത് ഇന്ത്യയ്ക്ക് ആശ്വാസമായി.

എന്നാൽ, ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലി (1) ഒന്നാം ഇണ്ണിങ്സിൽ നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (46) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ, ശ്രേയസ് അയ്യർ (86) ഇന്ത്യൻ നിരയിൽ മികച്ചു നിന്നു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ, ശ്രേയസ് അയ്യർ ക്രീസിൽ തുടർന്നിരുന്നു. എന്നാൽ, രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ ശ്രേയസ് അയ്യരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

രണ്ടാം ദിനം 8-ാം വിക്കറ്റിൽ ആർ അശ്വിനും കുൽദീപ് യാദവും നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയുടെ ടോട്ടൽ 400 കടത്തി. ഇരുവരും ചേർന്ന് 92 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. അശ്വിൻ (58) അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവച്ചപ്പോൾ, കുൽദീപ് യാദവ് (40) റൺസ് സ്കോർ ചെയ്തു. അക്സർ പട്ടേൽ (14) റൺസ് എടുത്ത് പുറത്തായപ്പോൾ, ഉമേഷ്‌ യാദവ് (15*) റൺസുമായി പുറത്താകാതെ ക്രീസിൽ തുടർന്നു.

ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം, മെഹദി ഹസൻ മിറാസ് എന്നിവർ നാലു വീതം വിക്കറ്റുകൾ വീഴ്ത്തി. ഇബാദോത് ഹുസൈൻ, ഖാലിദ് അഹ്മദ് എന്നിവർ ബംഗ്ലാദേശിനായി ഓരോ വിക്കറ്റും വരുത്തി. ഒന്നാം ഇന്നിംഗ്സ് സ്പിന്നർമാരെ തുണക്കുന്നതായി ആണ് കണ്ടത്. അതുകൊണ്ടുതന്നെ, അശ്വിൻ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർ ചേർന്ന് ബംഗ്ലാദേശിനെ പിടിച്ചുകെട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.

Rate this post