വമ്പൻ മാറ്റങ്ങളുമായി ഇന്ത്യയും ഓസിസും!! ഓസീസ് നിരയിൽ 2 സർപ്രൈസ് താരങ്ങൾ

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ പ്രതീക്ഷിച്ച മാറ്റങ്ങളുമായി ഇന്ത്യൻ നിര. നാഗ്പൂര് ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഡൽഹിയിൽ ഇറങ്ങുന്നത്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങളായിരുന്നു ശ്രേയസ് അയ്യര്‍ കാഴ്ച വച്ചിരുന്നത്. അതിനാലാണ് ഇന്ത്യയുടെ ഈ തീരുമാനം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്.

മറുവശത്ത് പ്രതീക്ഷിച്ച മാറ്റങ്ങൾ ഒന്നു തന്നെയില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ക്യാമറോൺ ഗ്രീനും, മിച്ചൽ സ്റ്റാർക്കും രണ്ടാം മത്സരത്തിലും കളിക്കില്ല. ആദ്യ ടെസ്റ്റിൽ പരിക്കേറ്റ റെൻഷോയ്ക്ക് പകരം ട്രാവിസ് ഹെഡാണ് ഓസീസ് നിരയിലുള്ളത്. ഒപ്പം സ്പിന്നർ മാത്യു കുനെമാനും ഓസീസിനായി ഡൽഹി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. സ്പിന്നിനെ അനുകൂലിക്കാൻ സാധ്യതയുള്ള പിച്ച് തന്നെയാണ് ഡൽഹിയിലേത് എന്നാണ് പാറ്റ് കമ്മിൻസ് ടോസ് സമയത്ത് വെളിപ്പെടുത്തിയത്. എന്നാൽ ആദ്യദിനം ബാറ്റിങ്ങിന് കൂടുതൽ മെച്ചമുണ്ടാക്കും എന്നും പാറ്റ് കമ്മിൻസ് കരുതുന്നു.

മറുവശത്ത് കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന്റെ ആത്മവിശ്വാസം രോഹിത് ശർമയിൽ പ്രതിഫലിക്കുന്നത് ടോസ് സമയത്ത് തന്നെ ദൃശ്യമായിരുന്നു. ടോസ് നഷ്ടമായതിൽ തങ്ങൾക്ക് നിരാശയില്ല എന്ന രോഹിത് പറഞ്ഞു. ഒപ്പം 100ആം ടെസ്റ്റ്‌ കളിക്കാനിറങ്ങുന്ന പൂജാരയ്ക്ക് രോഹിത് ആശംസയും നേരുകയുണ്ടായി.

ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 132 റൺസിനുമായിരുന്നു ഇന്ത്യ വിജയം കണ്ടത്. ഈ മത്സരത്തിലും അത്തരം മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ തന്നെയാവും ഇന്ത്യ ശ്രമിക്കുന്നത്. ഓസിസിനെ സംബന്ധിച്ച് പരമ്പര നഷ്ടമാവാതിരിക്കാൻ രണ്ടാം ടെസ്റ്റ് വിജയിക്കേണ്ടത് അത്യാവശ്യമാണ്.

Rate this post