പരസ്പരം അടികൂടുന്നവർ ഇതൊക്ക കാണുക :മനോഹര കാഴ്ചയായി ഇന്ത്യ : പാക് മത്സരം

സ്പോർട്സ്മാൻ സ്പിരിറ്റ്‌’ എന്ന വാക്കിനെ കളിക്കളത്തിൽ പല തരത്തിൽ പ്രകടമാക്കാവുന്നതാണ്. എന്നാൽ, കളിക്കാരുടെ അത്തരത്തിലുള്ള ചില പ്രവർത്തികൾ കണ്ടുനിൽക്കുന്നവരുടെ കണ്ണും ഹൃദയവും നിറയ്ക്കുന്ന കാഴ്ച്ചകൾ വളരെ വിരളമാണ്. ഐസിസി വിമൻസ് ക്രിക്കറ്റ്‌ വേൾഡ് കപ്പിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സര ശേഷം അത്തരമൊരു ഹൃദയസ്പർശിയായ കാഴ്ച്ചയ്ക്ക് ക്രിക്കറ്റ്‌ ലോകം സാക്ഷ്യം വഹിച്ചു.

107 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയ ശേഷം ഇന്ത്യൻ താരങ്ങൾ, പാക് താരങ്ങളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. ആ സമയം പാകിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മഹ്റൂഫിന്റെ മകൾ ഫാത്തിമയുമായി കളിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളെ ആരാധകർക്ക് കാണാൻ കഴിഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇരു രാജ്യങ്ങളും തമ്മിൽ രാഷ്രീയ പ്രശനങ്ങൾ നിലനിൽക്കുന്നത് കൊണ്ട് തന്നെ, ക്രിക്കറ്റിൽ ഇരുവരും തമ്മിലുള്ള പോരാട്ടത്തെ, ബദ്ധവൈരികൾ തമ്മിലുള്ള പോരാട്ടം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ, അത്തരമൊരു വാശിയേറിയ പോരാട്ടത്തിന് ശേഷം ഇന്ത്യൻ താരങ്ങളുടെ ഭാഗത്ത്‌ നിന്ന് വന്ന സ്നേഹപ്രകടനങ്ങൾക്ക് അതിർത്തിയുടെ ഇരുവശത്തുമുള്ള ആരാധകരിൽ നിന്ന് സ്നേഹവും അഭിനന്ദനവും ലഭിച്ചു.

കടുത്ത മത്സരത്തിന്റെ പ്രഷർ മാറ്റിവെച്ച്, കുഞ്ഞ് ഫാത്തിമയോട് സ്‌നേഹം പ്രകടിപ്പിക്കുകയും അവളോടൊപ്പം കളിക്കുകയും ചെയ്ത ഇന്ത്യൻ ടീം സമാധാനത്തിന്റെ ആംഗ്യം പ്രകടിപ്പിച്ചതായി ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ബേ ഓവലിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ശേഷം, അമ്മയ്ക്കും മകൾക്കുമൊപ്പം ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന ഉൾപ്പടെയുള്ള താരങ്ങൾ ഫോട്ടോയും പകർത്തി. “ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ക്രിക്കറ്റിന്റെ സ്പിരിറ്റിനെ കുറിച്ച് ലിറ്റിൽ ഫാത്തിമക്കുള്ള ആദ്യ പാഠം”, എന്ന തലക്കെട്ടോടെ വീഡിയോ ഐസിസി ട്വീറ്റ് ചെയ്തു.