പാകിസ്ഥാനും ഇന്ത്യക്കും വേണ്ടി കളിച്ച ക്രിക്കറ്റ്‌ കളിക്കാരോ!! പാകിസ്ഥാൻ ക്രിക്കറ്റിന്റെ പിതാവായി കണക്കാക്കപ്പെടുന്നത് മുൻ ഇന്ത്യൻ താരത്തെ..!

ലോകമെമ്പാടും പരക്കെ പിന്തുടരുന്നതും ഇഷ്ടപ്പെടുന്നതുമായ ഒരു കായിക വിനോദമാണ് ക്രിക്കറ്റ്. നമ്മുടേത് പോലുള്ള ഒരു രാജ്യത്ത്, എല്ലാ കുട്ടികളും ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാകാനും രാജ്യത്തിനായി കളിക്കാനും സ്വപ്നം കാണുന്നു. പക്ഷേ, രാജ്യാന്തര തലത്തിൽ ഒന്നല്ല, രണ്ട് രാജ്യങ്ങൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരങ്ങളെ കുറിച്ച് നിങ്ങളിൽ എത്ര പേർക്ക് അറിയാം. ഇത്തരത്തിൽ രണ്ട് രാജ്യങ്ങൾക്കായി കളിച്ച ഇന്ത്യൻ താരങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.

ഇഫ്തിഖർ അലി ഖാൻ;ഇഫ്തിഖർ അലി ഖാൻ, അല്ലെങ്കിൽ ഐഎകെ പട്ടൗഡി (16 മാർച്ച് 1910 – 5 ജനുവരി 1952) 1946-ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ, ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു ഐഎകെ പട്ടൗഡി. അദ്ദേഹത്തിന്റെ മകൻ മൻസൂർ അലി ഖാൻ പട്ടൗഡിയും ഇന്ത്യൻ ടീമിന്റെ നായകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ, 1932-34 വരെ ഐഎകെ പട്ടൗഡി ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിച്ചു. രണ്ട് രാജ്യങ്ങൾക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ചുരുക്കം ചില ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും വേണ്ടി കളിച്ച ഏക ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരനുമാണ് ഐഎകെ പട്ടൗഡി. ആകെ ആറ് ടെസ്റ്റുകൾ കളിച്ച അദ്ദേഹം, ഇന്ത്യക്കും ഇംഗ്ലണ്ടിനും മൂന്ന് വീതം മത്സരങ്ങൾ കളിച്ചു.

അബ്ദുൾ ഹഫീസ് കർദാർ;പാകിസ്ഥാൻ ക്രിക്കറ്റിന്റെ പിതാവായി കണക്കാക്കപ്പെടുന്ന അബ്ദുൾ ഹഫീസ് കർദാർ. പാകിസ്ഥാനും ഇന്ത്യയ്ക്കും വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച മൂന്ന് പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പ് കർദാർ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിരുന്നു. അതിനു ശേഷം പാക്കിസ്ഥാനുവേണ്ടി കളിച്ചു. പാകിസ്ഥാൻ ടീമിന്റെ ആദ്യ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

ഗുൽ മുഹമ്മദ്;5′ 5 മാത്രം ഉയരമുള്ള ഒരു ചെറിയ മനുഷ്യനായിരുന്നു ഗുൽ മുഹമ്മദ്, എന്നാൽ കവറുകളിലേക്ക് ഷോട്ടുകൾ പായിക്കുന്ന മികച്ച ഇടംകൈയ്യൻ ബാറ്റ്സ്മാനും മികച്ച ഫീൽഡറും ആയിരുന്നു അദ്ദേഹം. അദ്ദേഹം 1946 മുതൽ 1952 വരെ ഇന്ത്യൻ ടീമിന് വേണ്ടി ടെസ്റ്റ്‌ മത്സരങ്ങൾ കളിച്ചു. തുടർന്ന്, 1955-ൽ പാകിസ്ഥാൻ പൗരത്വം നേടിയ ഗുൽ മുഹമ്മദ്, പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാഗമായി.

ആമിർ ഇലാഹി;ഒന്നിലധികം രാജ്യങ്ങൾക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച പതിനഞ്ച് ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് ആമിർ ഇലാഹി. 1947-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് വേണ്ടി ടെസ്റ്റ് കളിച്ചതിനാലാണ് ഈ പട്ടികയിൽ അദ്ദേഹം ഇടം നേടിയത്. തന്റെ കരിയറിൽ 6 ടെസ്റ്റുകൾ കളിച്ച അദ്ദേഹം പാക്കിസ്ഥാനുവേണ്ടി 5 ടെസ്റ്റുകൾ കളിച്ചു. ആമിർ ഇലാഹി പാകിസ്ഥാൻ ടീമിന് വേണ്ടി ഇന്ത്യക്കെതിരെയും കളിച്ചിട്ടുണ്ട്.