ഏഷ്യ കപ്പ് ഇന്ത്യ കളിച്ചില്ലെങ്കിൽ, ലോകകപ്പിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറും ; മുന്നറിയിപ്പ് നൽകി പിസിബി

“2023 ഏഷ്യ കപ്പ് കളിക്കാൻ നിലവിൽ നിശ്ചയിച്ചിരിക്കുന്ന വേദിയായ പാകിസ്ഥാനിലേക്ക് ഇന്ത്യ പോകില്ല, പകരം ഒരു ന്യൂട്രൽ വേദി നിശ്ചയിക്കണം എന്ന് ഏഷ്യ ക്രിക്കറ്റ്‌ കൗൺസിലിനോട്‌ അപേക്ഷിക്കും,” കഴിഞ്ഞ ദിവസം ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ പറഞ്ഞ വാക്കുകൾ ആണിത്. പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് ഇനിയും ഒരു വർഷം കൂടി സമയം ഉണ്ടെങ്കിലും, വേദി മാറ്റാനുള്ള സാധ്യത പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് ജയ് ഷാ നേരത്തെ തന്നെ ഈ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

എന്നാൽ, ബിസിസിഐ ജനറൽ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ കടുത്ത നടപടികളിലേക്ക് പോകാൻ ആണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ല എന്ന നിലപാട് സ്വീകരിക്കുകയാണെങ്കിൽ, 2023-ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പാകിസ്ഥാനും വിട്ടുനിൽക്കാൻ തീരുമാനമെടുത്തേക്കും എന്ന് പാക് ക്രിക്കറ്റ് ബോർഡ്മായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഇന്ത്യയുടെ അഭിപ്രായം കണക്കിലെടുത്ത് 2023 ഏഷ്യ കപ്പിനുള്ള വേദി പാക്കിസ്ഥാനിൽ നിന്ന് മാറ്റാനാണ് ഏഷ്യ ക്രിക്കറ്റ് കൗൺസിൽ തീരുമാനമെടുക്കുന്നതെങ്കിൽ, ഏഷ്യ ക്രിക്കറ്റ് കൗൺസിൽ നിന്ന് രാജിവെക്കാനും പാക്കിസ്ഥാൻ തീരുമാനിച്ചേക്കും. മാത്രമല്ല, വരുന്ന ഐസിസി, എസിസി പ്രധാന ടൂർണമെന്റുകളിൽ നിന്നെല്ലാം ഇന്ത്യക്കെതിരായ മത്സരവും പാകിസ്ഥാൻ ഉപേക്ഷിച്ചേക്കും.

പാകിസ്ഥാൻ പ്രധാന ടൂർണമെന്റ്കളിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുന്നത്, ഐസിസി, എസിസി എന്നിവക്കെല്ലാം കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്ന് പാക് ക്രിക്കറ്റ് ബോർഡിന് അറിയാം. അതുകൊണ്ടുതന്നെയാണ് പാകിസ്ഥാൻ അത്തരമൊരു നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അവസാനമായി 2008 ഏഷ്യ കപ്പ് കളിക്കാനാണ് ഇന്ത്യ പാകിസ്ഥാനിലേക്ക് പോയത്.