ഇവിടെ ക്ലാസിക് ഷോട്ടൊന്നും ഇല്ല, ഓൺലി വെടിക്കെട്ട്! ഇജാസ് അഹ്‌മദ്, പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം കണ്ട ഏറ്റവും മികച്ച പവർ ഹിറ്റർ

നിങ്ങളുടെ ഇഷ്ട പാകിസ്ഥാൻ താരം ആരാണ്? ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, ഷൊയ്ബ് മാലിക് എന്നിങ്ങനെ പലർക്കും പല ഉത്തരങ്ങൾ ഉണ്ടാകും, അല്ലെ. എന്നാൽ, 90-കളിൽ ഗ്ലെൻ മഗ്രാത്തിനെയും, കോർട്നെ വാൾഷിനെയുമെല്ലാം ബൗണ്ടറികൾക്ക് മുകളിലൂടെ പായിച്ചിരുന്ന ഒരു വെടിക്കെട്ട് ബാറ്റർ പാകിസ്ഥാൻ ടീമിൽ ഉണ്ടായിരുന്നു, ഇജാസ് അഹ്‌മദ്‌. 90-കളിലെ ക്രിക്കറ്റ്‌ ആരാധകർ ക്ലാസിക് ഷോട്ടുകളും, മികച്ച ബാറ്റിംഗ് സാങ്കേതിക മികവുമൊന്നും അയാളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല, കാരണം, ബാറ്റിന് നേരെ പന്തുവന്നാൽ അടിച്ചു പറത്തണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇജാസ് അഹ്‌മദിന് മുന്നിൽ ഉണ്ടായിരുന്നത്.

1986-ൽ വിൻഡീസിനെതിരെ പാകിസ്ഥാൻ കുപ്പായത്തിൽ തന്റെ 18-ാം വയസ്സിൽ അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ അരങ്ങേറ്റം. തുടർന്ന്, അതിനടുത്ത വർഷം ഇന്ത്യക്കെതിരെ ഇജാസ് അഹ്‌മദ് പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീമിന്റെ ടെസ്റ്റ്‌ കുപ്പായവും അണിഞ്ഞു. കാലുകൾ അടുപ്പിച്ച് വെച്ച്, വളരെ കുനിഞ്ഞ് നിന്ന്, ബാറ്റുകൾ മുറുകെ പിടിച്ചു നിൽക്കുന്ന പവർ ഹിറ്റിംഗ് കൈമുതലായിയുള്ള ഇജാസ് അഹ്‌മദിന് മുന്നിൽ, എത്ര മികച്ച ബൗളർ ആണെന്ന് പറഞ്ഞാലും, എതിരാളി ഒരു നിമിഷം വിറക്കും.

ടെസ്റ്റ്‌ ക്രിക്കറ്റിലെ എക്കാലത്തെയും വമ്പന്മാരായ, പ്രകത്ഭാരായ ബൗളിംഗ് നിരയുള്ള ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ്‌ ക്രിക്കറ്റിൽ 10 സെഞ്ച്വറി നേടി, ഇന്നുവരെ ഏതൊരു പാകിസ്ഥാൻ ബാറ്ററും നേടിയതിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി ഓസ്ട്രേലിയക്കെതിരെ നേടിയ പാകിസ്ഥാൻ ബാറ്റർ എന്ന റെക്കോർഡ് ഇന്നും ഇജാസ് അഹ്‌മദിന്റെ പേരിൽ ഉണ്ടെങ്കിൽ, 30 വർഷങ്ങൾക്ക് മുമ്പുള്ള അയാളുടെ കരുത്തും ധൈര്യവും നിങ്ങൾക്ക് ചിന്തിക്കാവുന്നതേ ഒള്ളു.

എന്നിരുന്നാലും, പല മത്സരങ്ങളിലും മോശം ഷോട്ട് എടുത്ത് പുറത്താവുന്ന ഇജാസ് അഹ്‌മദ്‌ അന്ന് ഏറെ വിമർശനങ്ങളും കേട്ടിരുന്നു. എന്നിരുന്നാലും, ഇജാസ് അഹ്‌മദിനെ പോലെ ഒരു ബാറ്റർ പാകിസ്ഥാൻ ടീമിന് അന്ന് ആവശ്യമായിരുന്നു, അതുകൊണ്ട് തന്നെ അദ്ദേഹം ഏറെക്കാലം പാകിസ്ഥാന് വേണ്ടി മൂന്നാം നമ്പറിൽ കളിച്ചു. ഒടുവിൽ, 1999 ലോകകപ്പിലെ മോശം പ്രകടനവും, യൂനിസ് ഖാന്റെ വരവും ഇജാസ് അഹ്‌മദ് എന്ന പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്ററുടെ അന്താരാഷ്ട്ര കരിയറിന് തിരശീലയിട്ടു. ഇന്ന് അദ്ദേഹം പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ്‌ ടീമിന്റെ മുഖ്യ പരിശീലകനായി സേവനം അനുഷ്ഠിക്കുന്നു.