നൂറ്റാണ്ടിലെ നേട്ടവുമായി ക്രിക്കറ്റ് ലോകം അടക്കി ഭരിക്കുന്ന ഇന്ത്യ ; പുതിയ റാങ്കിംഗ് പുറത്ത്
ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ, ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. 32 കളികളിൽ നിന്ന് 3,690 പോയിന്റുകൾ ഉള്ള ഇന്ത്യയുടെ റേറ്റിംഗ് 115 ആണ്. 29 കളികളിൽ നിന്ന് 3,231 പോയിന്റുകളുമായി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഓസ്ട്രേലിയയുടെ റേറ്റിംഗ് 111 ആണ്. ഇതോടെ, ടീം ഇന്ത്യ പുതിയ ഒരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്.
ഐസിസി ഏകദിന, ടി20 റാങ്കിങ്ങുകളിൽ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനത്ത് ആയിരുന്നു. 267 റേറ്റിങ്ങുമായി ഐസിസി ടി20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്റെ റേറ്റിംഗ് 266 ആണ്. ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയുടെ റേറ്റിംഗ് 114-ഉം രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ റേറ്റിംഗ് 112-ഉം ആണ്. എന്തുതന്നെയായാലും, ഇത് ആദ്യമായിയാണ് മൂന്ന് ഫോർമാറ്റുകളിലും ഒരേസമയം ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഐസിസി റാങ്കിങ്ങിൽ ഒരേസമയം ഒന്നാമത് എത്തുന്ന രണ്ടാമത്തെ ടീം ആയി മാറിയ ഇന്ത്യ, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ടീം ആണ്. ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ ആധിപത്യം തെളിയിക്കുന്നതാണ് ഈ കണക്കുകൾ. വ്യക്തിഗത ഐസിസി റാങ്കിങ്ങുകൾ പരിശോധിച്ചാൽ ടി20 ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് സൂര്യകുമാർ യാദവ് ആണ്.
ബൗളർമാരിലേക്ക് വന്നാൽ, ഐസിസി ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് ആണ്. ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് രവിചന്ദ്ര അശ്വിൻ തുടരുന്നു. ഓൾറൗണ്ടർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ, ഒന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജയും, രണ്ടാം സ്ഥാനത്ത് രവിചന്ദ്ര അശ്വിനും തുടരുന്നു. ഐസിസി റാങ്കിങ്ങിൽ ആകെ ഇന്ത്യൻ ആധിപത്യം പ്രകടമാണ്.