തോൽവി!!ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ എട്ടിന്റെ പണി 😱😱😱പോയിന്റ്സിൽ വമ്പൻ ഇടിവ്

ഇന്ത്യ – ഇംഗ്ലണ്ട് പുനക്രമീകരിച്ച അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. എഡ്ജ്ബാസ്റ്റണിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ 7 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലീഷ് ബാറ്റർമാരായ ജോ റൂട്ടിന്റെയും (142*), ജോണി ബെയർസ്റ്റോയുടെയും (114*) സെഞ്ച്വറി പ്രകടനങ്ങളാണ് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചത്. രണ്ട് ഇന്നിംഗ്സുകളിലും ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ ബെയർസ്റ്റോ ആണ് മത്സരത്തിലെ താരം.

മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ രവീന്ദ്ര ജഡേജയുടെയും (104), റിഷഭ് പന്തിന്റെയും (146) സെഞ്ചുറികളുടെ പിൻബലത്തിൽ ഇന്ത്യ 416 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സിൽ ബെയർസ്റ്റോ (106) സെഞ്ചുറി നേടി വലിയ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി. എന്നിരുന്നാലും, ഇംഗ്ലണ്ട് 284 റൺസിന് പുറത്തായതോടെ, ഇന്ത്യ 132 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.

എന്നാൽ, ആ ലീഡിനെ രണ്ടാം ഇന്നിംഗ്സിൽ 400 കടത്താൻ ഇന്ത്യക്ക് സാധിച്ചില്ല. ചെതേശ്വർ പൂജാരയുടെയും (66), റിഷഭ് പന്തിന്റെയും (57) അർദ്ധ സെഞ്ച്വറി മികവിൽ ഇന്ത്യയ്ക്ക് 245 റൺസ് നേടാനേ സാധിച്ചുള്ളൂ. തുടർന്ന്, 378 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ്‌ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ, 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോൾ ഇരു ടീമുകളും 2-2 തുല്ല്യത പാലിച്ചു.

ഇതോടെ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനക്കാരായി തുടരുകയാണ്. എന്നാൽ, നേരത്തെ 58.3 ശതമാനം പോയന്റ് ഇന്ത്യക്ക് ഉണ്ടായിരുന്നുവെങ്കിൽ, ഇപ്പോൾ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 53.47 ആയി കുറഞ്ഞു. നിലവിൽ 12 കളികളിൽ നിന്ന് 6 ജയവും 2 സമനിലയും 4 പരാജയവുമാണ് ഇന്ത്യയുടെ സമ്പാദ്യം.