റാങ്കിങ്ങിൽ രാജാവായി അശ്വിൻ.. ഒന്നാം സ്ഥാനത്തിൽ ജഡേജ മാസ്സ്!! കുതിച്ചു വിരാട് കോഹ്ലി | Icc Latest Rankings
Icc Latest Rankings;ബാറ്റർമാരുടെയും ബൗളർമാരുടെയും റാങ്കിങ് ഐസിസി പുതുക്കി. ഏറ്റവും ഒടുവിൽ ഐസിസി പുറത്തുവിട്ട റാങ്കിങ് പട്ടികയിൽ ഇന്ത്യൻ താരങ്ങളായ രവിചന്ദ്ര അശ്വിനും വിരാട് കോഹ്ലിയും നേട്ടം ഉണ്ടാക്കി. അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് ഇവരുടെയും റാങ്കിങ് നില മെച്ചപ്പെടുത്തിയത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അദ്ദേഹത്തിന്റെ ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.
ഓസ്ട്രേലിയക്കെതിരെ നടന്ന നാല് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ആകെ 25 വിക്കറ്റുകൾ ആണ് രവിചന്ദ്ര അശ്വിൻ വീഴ്ത്തിയത്. ഈ പ്രകടനത്തിന്റെ പിൻബലത്തിൽ, ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സണെ മറികടന്ന് രവിചന്ദ്ര അശ്വിൻ ബൗളർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത് എത്തി. ഒന്നാം സ്ഥാനത്തുള്ള അശ്വിൻ 869 റേറ്റിംഗ് നേടിയപ്പോൾ, രണ്ടാം സ്ഥാനത്തുള്ള ആൻഡേഴ്സന്റെ റേറ്റിംഗ് 859 ആണ്.

ദീർഘനാളായി പരിക്ക് മൂലം സൈഡ് ലൈനിൽ തുടരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്രക്ക് ബൗളർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒരു സ്ഥാനം നഷ്ടമായി ഏഴാം സ്ഥാനത്തേക്ക് വീഴേണ്ടി വന്നു. ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു.

ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ 8 സ്ഥാനം മെച്ചപ്പെടുത്തി വിരാട് കോഹ്ലി പതിമൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, പരിക്ക് മൂലം സൈഡ് ലൈനിൽ തുടരുന്ന ഇന്ത്യൻ താരം ഋഷഭ് പന്തിന് ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒരു സ്ഥാനം നഷ്ടപ്പെട്ട് ഒൻപതാം സ്ഥാനത്തേക്ക് താഴേണ്ടി വന്നു. ഓസ്ട്രേലിയൻ ബാറ്റർ മാർനസ് ലബുഷാനെയാണ് ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്.