അയ്യേ മോശമെന്ന് മുൻ താരങ്ങൾ 😱മഹാപരാധത്തിൽ ഐസിസി തീരുമാനം ഇപ്രകാരം

കേപ്ടൗണിൽ സമാപിച്ച ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ്‌ മത്സരത്തിനിടെ അരങ്ങേറിയ രോഷപ്രകടനങ്ങളിൽ വിരാട് കോഹ്‌ലി ഉൾപ്പടെയുള്ള ഇന്ത്യൻ കളിക്കാർക്കെതിരെ ഔദ്യോഗിക നടപടികളില്ല. മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യൻ സ്പിന്നർ അശ്വിന്റെ ബോളിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ എൽബിഡബ്ല്യു വിക്കറ്റിൽ കുടുങ്ങിയതിന് പിന്നാലെ, എൽഗർ നൽകിയ ഡിആർഎസ് അപ്പീലിൽ ഹോക്ക് ഐ പ്രൊജക്ഷൻ അശ്വിന്റെ പന്ത് സ്റ്റമ്പിന് മുകളിലൂടെ പോകുന്നതായി കാണിക്കുകയും, ഔട്ട്‌ നിഷേധിക്കുകയും ചെയ്തു.

എന്നാൽ, അപ്രതീക്ഷിതമായ പ്രൊജക്ഷൻ ഇന്ത്യൻ ടെസ്റ്റ്‌ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങളുടെ രോഷപ്രകടനത്തിന് വഴിവെച്ചു. വിരാട് കോഹ്‌ലി, ആർ അശ്വിൻ, കെഎൽ രാഹുൽ എന്നിവർ സ്റ്റംപ് മൈക്കിന് നേരെ ചെന്ന് രോഷാകുലരായി പറഞ്ഞ വാക്കുകൾ, സ്റ്റംപ് മൈക് ഒപ്പിയെടുക്കുകയും, ലോകം മുഴുവൻ കേൾക്കുകയും ചെയ്തു. ഇതോടെ സംഭവം വിവാദമാവുകയും മുൻ താരങ്ങൾ ഉൾപ്പടെയുള്ളവർ ഇന്ത്യൻ കളിക്കാർക്കെതിരെ രംഗത്ത് വരുകയും ചെയ്തു.

ഹോക്ക് ഐ പ്രൊജക്ഷൻ എല്ലാവരെയും പോലെ തന്നെയും ഞെട്ടിച്ചു എന്നും, എന്നിരുന്നാലും കളിക്കാരിൽ നിന്ന് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാവാൻ പാടില്ലായിരുന്നു എന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു. സംഭവത്തിന്റെ പേരിൽ ഇന്ത്യൻ ടെസ്റ്റ്‌ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പിഴയോ സസ്‌പെൻഷനോ നൽകണം എന്ന് മുൻ ഇംഗ്ലണ്ട് ബാറ്റർ മൈക്കിൽ വോഗൻ ആവശ്യപ്പെട്ടു. എന്നാൽ, മത്സരത്തിനിടെ നടന്ന ആസ്വാഭാവിക സംഭവങ്ങളുടെ പേരിൽ മത്സരശേഷം, ഐസിസിയുടെ മാച്ച് ഒഫീഷ്യലുകൾ ഇന്ത്യൻ ടീം മാനേജ്‌മെന്റിന് അവരുടെ കളിക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നതായി ESPNcriinfo റിപ്പോർട്ട് ചെയ്തു.

എന്നിരുന്നാലും, ഇന്ത്യൻ കളിക്കാർക്കെതിരെ ഔദ്യോഗിക പെരുമാറ്റച്ചട്ട ലംഘനം ആരോപിക്കപ്പെട്ടിട്ടില്ല എന്നും സ്‌പോർട്സ്‌ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി കോഹ്ലിയും രംഗത്തെത്തി. “ഫീൽഡിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയാം, പുറത്തുള്ള ആളുകൾക്ക് ഫീൽഡിൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ കൃത്യമായ വിശദാംശങ്ങൾ അറിയില്ല, അതിനാൽ ഞങ്ങൾ കളിക്കളത്തിൽ ചെയ്തതിനെ ഞാൻ തള്ളിപറയുന്നില്ല,” കോഹ്ലി പറഞ്ഞു.