ഇതിഹാസ നേട്ടവുമായി ഹാർദിക്ക് പാണ്ട്യ 😱😱മുൻപ് ആരും നേടാത്ത റെക്കോർഡ് സ്വന്തം

ഇന്ത്യ – ഇംഗ്ലണ്ട് സതാംപ്ടൺ ടി20 മത്സരത്തിൽ ഇന്ത്യയെ തകർപ്പൻ ജയത്തിലേക്ക് നയിച്ചതിൽ നിർണായക പ്രകടനം പുറത്തെടുത്ത താരമാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ബാറ്റ്‌ കൊണ്ടും ബോൾ കൊണ്ടും ഒരുപോലെ സംഭാവന ചെയ്ത ഹാർദിക്, അഭിമാനകരമായ ഒരു റെക്കോർഡും സ്വന്തം പേരിലാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹാർദിക് പാണ്ഡ്യ.

മത്സരത്തിൽ ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യക്കായി ഹാർദിക് അർധ സെഞ്ച്വറി നേടി. 33 പന്തിൽ 6 ഫോറും ഒരു സിക്സും സഹിതം 154.55 സ്ട്രൈക്ക് റേറ്റോടെ 51 റൺസാണ് ഹാർദിക് നേടിയത്. ശേഷം, ബൗളിംഗിൽ 4 വിക്കറ്റ് വീഴ്ത്തി ഹാർദിക് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു. ജെയ്സൺ റോയ് (4), ഡേവിഡ് മലൻ (21), ലിയാം ലിവിങ്സ്റ്റൺ (0), സാം കറൻ (4) എന്നിവരുടെ വിക്കറ്റുകൾ ആണ് ഹാർദിക് വീഴ്ത്തിയത്.

4 ഓവറിൽ 33 റൺസ് വഴങ്ങി ഹാർദിക് 4 വിക്കറ്റ് വീഴ്ത്തിയതോടെ, ഹാർദിക്കിനെ തേടി എത്തിയത് ഒരു അഭിമാന നേട്ടമാണ്. ഒരു അന്താരാഷ്ട്ര ടി20 മത്സരത്തിൽ അർധ സെഞ്ച്വറിയും 4 വിക്കറ്റും വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ. മാത്രമല്ല, മുഴുവൻ സമയ ഐസിസി അംഗത്വമുള്ള രാജ്യങ്ങളിലെ താരങ്ങളെ പരിഗണിച്ചാൽ, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരം ആണ് ഹാർദിക്.

നേരത്തെ, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡ്വയ്ൻ ബ്രാവോ 2009-ൽ ഇന്ത്യക്കെതിരെ 66 റൺസും 4 വിക്കറ്റും വീഴ്ത്തിയിരുന്നു. കൂടാതെ, 2011-ൽ ഇംഗ്ലണ്ടിനെതിരെ 59 റൺസും 4 വിക്കറ്റും നേടിയ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ, അതേ വർഷം, സിമ്പാവെക്കെതിരെ 71 റൺസും 4 വിക്കറ്റും നേടിയ പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ്‌ ഹഫീസ് എന്നിവരാണ് ഈ നേട്ടത്തിൽ ഹാർദിക് പാണ്ഡ്യയുടെ മുൻഗാമികൾ.