“പഴയ ടീമല്ല ഇത് മാറ്റങ്ങൾ തമ്പുരാനാണ് അയാൾ ” ക്യാപ്റ്റൻ രോഹിത്തിനെ പുകഴ്ത്തി ഹാർദിക്ക് പാണ്ട്യ

രോഹിത് ശർമ്മയും രാഹുൽ ദ്രാവിഡും ഇന്ത്യൻ ടീമിന്റെ നേതൃത്വത്തിലേക്ക് വന്നതിനുശേഷം ടീമിൽ ഒരുപാട് പോസിറ്റീവ് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പറയുന്നു. കഴിഞ്ഞ 5-6 വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ടീമിന്റെ കളി ശൈലിയും മാറി എന്ന് ഹാർദിക് പറഞ്ഞു. ടീമിലെ യുവ താരങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തോടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും രോഹിത്തിനും ദ്രാവിഡിനും ഉള്ളതാണെന്നും ഹാർദിക് പറയുന്നു.

“ടീമിലെ യുവ കളിക്കാർ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും രോഹിത്തിനും ദ്രാവിഡിനും ഉള്ളതാണ്. അവർ നൽകുന്ന സംരക്ഷണം, ആത്മവിശ്വാസം, ഉപദേശം എന്നിവയാണ് യുവ കളിക്കാർക്ക് പ്രചോദനമാകുന്നത്. ഒന്നോ രണ്ടോ മത്സരത്തിൽ കളിക്കാർ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടാലും, അവർക്ക് ഇനിയും അവസരം ലഭിക്കും എന്ന ആത്മവിശ്വാസം അവരിൽ ഉണ്ട്, അതോടൊപ്പം നല്ല ഉപദേശവും ലഭിക്കും,” ഹാർദിക് പറയുന്നു.

“കഴിഞ്ഞ 5-6 വർഷത്തെ കളി ശൈലി വച്ചുനോക്കുമ്പോൾ ഇന്ന് ടീമിന്റെ കളി ശൈലിയിൽ മാറ്റം വന്നിട്ടുണ്ട്. ആക്രമണവും പ്രതിരോധവും ഇടകലർന്ന കളി ശൈലിയാണ് കോഹ്ലിയുടെ നേതൃത്വത്തിൽ പ്രായോഗികമാക്കിയിരുന്നത്. എന്നാൽ, രോഹിത്തും ദ്രാവിഡും കളിക്കാരോട് ആക്രമിച്ചു കളിക്കാനാണ് എല്ലായിപ്പോഴും ആവശ്യപ്പെടുന്നത്. അതുകൊണ്ട്തന്നെ ഇന്ന് ഇന്ത്യ 10/3 എന്ന അവസ്ഥയിൽ നിൽക്കുമ്പോഴും എതിരാളികൾ ആശ്വസിക്കില്ല,” ഇന്ത്യൻ ഓൾറൗണ്ടർ പറയുന്നു.

“ടി20 ഫോർമാറ്റിൽ മുൻനിര ബാറ്റർമാരുടെ വിക്കറ്റുകൾ അതിവേഗം നഷ്ടമായാലും, എങ്ങനെയെങ്കിലും 20 ഓവർ വരെ ബാറ്റ് ചെയ്യണം എന്നല്ല ഇന്ന് ടീം ചിന്തിക്കുന്നത്. മറിച്ച് എങ്ങനെ 190 റൺസെങ്കിലും എത്തിക്കാം എന്നതാണ്. കളിക്കാർക്ക് വന്ന ഈ മനോഭാവ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ രോഹിത്തിനും ദ്രാവിഡിനും നൽകുന്നു,” ഹാർദിക് പാണ്ഡ്യ പറഞ്ഞു.