റവയും പഴവും ഉണ്ടെങ്കിൽ നിങ്ങൾക്കൊരു നാലുമണി പലഹാരം വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഒരു ഇടത്തരം വലുപ്പമുള്ള അത്യാവശ്യം പഴുത്ത നേന്ത്രപ്പഴവും അര കപ്പ് റവയുമാണ്. ആദ്യം തന്നെ പഴം നേർത്ത കഷണങ്ങളായി മുറിക്കുക. ഒരു പഴത്തിൽ നിന്നും എട്ട് പീസ് മുറിച്ചെടുക്കണം. ഒരു പാനിൽ 2 സ്പൂൺ നെയ്യൊഴിച്ച് ചൂടാവുമ്പോൾ മീഡിയം തീയാക്കിയ ശേഷം പഴം നിരത്തി നന്നായി ചൂടാക്കി എടുക്കുക.
ഇത് തണുക്കുന്ന സമയം കൊണ്ട് റവ മുഴുവനായി ഒരു മിക്‌സിയുടെ ജാറിലേക്ക് മാറ്റുക.ഇതിലേക്ക് ഒരു നുള്ള് ഉപ്പ്, ഒരു സ്പൂൺ കോൺഫ്ലോർ എന്നിവ ചേർത്ത് അൽപം തരിയോട് കൂടെ പൊടിച്ചെടുക്കുക. ശേഷം ഒരു നുള്ള് ബേക്കിംഗ് സോഡ, , അര ടീസ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇനി ഇതിലേക്കുള്ള ബാറ്റർ തയാറാക്കാനായി 2 മുട്ടയിൽ കാൽ ടീസ്പൂൺ ഉപ്പ്, 4-6 ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ( മിക്സിയിൽ അടിച്ചെടുത്താലും മതി). ഈ ബാറ്റരിലേക്ക് റവ പൊടിച്ചത് കുറച്ച് കുറച്ചായി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഒരു കേക്ക് ടിൻ ഡസ്റ്റ് ചെയ്തെടുത്തതിലേക്ക് പഴം ഓരോന്നായി നിരത്തി വെച്ച ശേഷം ഇതിന് മുകളിലേക്ക് ഈ മാവ് മുഴുവനായി ഒഴിച്ച് കൊടുക്കുക. കുമിളകൾ വരാതിരിക്കാനായി ഈ ടിൻ നന്നായി ടാപ് ചെയ്തെടുക്കാം.
ഇപ്പോൾ ഈ കൂട്ട് പാകം ചെയ്യാൻ തയ്യാറായിട്ടുണ്ട്. അതിനായി ഒരു വലിയ പാത്രം അടുപ്പിൽ വെച്ച് നന്നായ് ചൂടാക്കി എടുക്കുക. ഇതിലേക്ക് ഒരു റിംഗ് ഇറക്കി തീ കുറച്ച് വെച്ച് കേക്ക് ടിൻ വെക്കാം. 20 മിനുട്ട് നേരം അടച്ച് വെച്ച് വേവിക്കുക. കേക്ക് നല്ല സോഫ്റ്റ് ആയി പാകമായത് കാണാം. നന്നായി തണുത്ത ശേഷം രുചികരമായ ഈ പലഹാരം മുറിച്ച് ഉപയോഗിക്കാം.